തൊടുപുഴ: തുടർച്ചയായി രണ്ടാം തവണയും ഏഴ് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി സർവാധിപത്യത്തോടെയാണ് ഡീൻ കുര്യാക്കോസ് ലോക്സഭയുടെ പടി ചവിട്ടുന്നത്. 2019ൽ ഏഴ് നിയോജകമണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സമഗ്ര വിജയമായിരുന്നു ഡീൻ നേടിയത്. ഇതിൽ ആറിടത്തും ഇരുപതിനായിരത്തിലേറെയും രണ്ടിടത്ത് മുപ്പതിനായിരത്തിലേറെയുമായിരുന്നു ലീഡ്.

ഇത്തവണയും ഏഴ് നിയോജകമണ്ഡലങ്ങളിലും ഡീനിന് തന്നെയാണ് മൃഗീയമായ ഭൂരിപക്ഷം.

ഞെട്ടിച്ച് ഉടുമ്പഞ്ചോല

ഇത്തവണ ജോയ്സ് വൻഭൂരിപക്ഷം നേടുമെന്ന് പ്രതീക്ഷിച്ച മുൻമന്ത്രി എം.എം. മണിയുടെ നിയോജകമണ്ഡലമായ ഉടുമ്പഞ്ചോലയിലെ ഡീനിന്റെ ലീഡ് സി.പി.എം കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇവിടെ 25,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവിടെ 6760 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീൻ കരസ്ഥമാക്കിയത്.

ഡീനിനെ നെഞ്ചേറ്റി തൊടുപുഴ

കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസ് 37,023 വോട്ടുകൾക്ക് ലീഡ് ചെയ്ത നിയോജകമണ്ഡലമായിരുന്നു തൊടുപുഴ. ഡീൻ കുര്യാക്കോസിന്റെ ലീഡ് പരമാവധി കുറയ്ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ശ്രമം. 25000 വോട്ടിൽ കൂടുതൽ ലീഡ് ഡീനിന് തൊടുപുഴയിൽ കിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ ഫലം വന്നപ്പോൾ 33,620 വോട്ടുകളുടെ ലീഡ് ഡീൻ സ്വന്തമാക്കി. ഡീനിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലവും തൊടുപുഴയാണ്.

റോഷി ഇഫക്ടില്ലാതെ ഇടുക്കി

മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകമായ ഇടുക്കി നിയോജകമണ്ഡലത്തിൽ കേരളകോൺഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയോടെ ജോയ്സ് 2014ലെ പോലെ ലീഡ് ചെയ്യുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. 2014ൽ ഇടുക്കി നിയോജകമണ്ഡലത്തിൽ 24227 വോട്ടുകളുടെ ഭൂരിപക്ഷം ജോയ്സ് നേടിയിരുന്നു. എന്നാൽ ഇത്തവണ 15,​595 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് കരസ്ഥമാക്കി. കഴിഞ്ഞ തവണ 20,928 വോട്ടിന്റെ ലീഡ് ഡീൻ ഇവിടെ നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 5563 വോട്ടിന്റെ ലീഡാണ് ഇവിടെ റോഷി അഗസ്റ്റിന് ലഭിച്ചത്.

ചായകോപ്പയിലും കൊടുങ്കാറ്റ്
എൽ.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കായിരുന്ന തോട്ടംമേഖലയും ഇടതിനെ കൈവിട്ടു. ഇത്തവണയും രാഹുൽ ഇഫക്ട് തമിഴ് വിഭാഗത്തിനെ സ്വാധീനിച്ചതാകണം ഡീൻ ഈ രണ്ട് മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കൈവരിച്ചത്. ഇത്തവണ ദേവികുളം നിയോജകമണ്ഡലത്തിൽ 12,437ഉം പീരുമേട്ടിൽ 14,​641 വോട്ടും നേടി.

കഴിഞ്ഞ തവണ ദേവികുളത്ത് 24036ഉം പീരുമേട്ടിൽ 23380ഉം വോട്ടുകളുടെ ലീഡും ജോയ്സിനുണ്ടായിരുന്നു.


പത്തിരട്ടി മാറ്റുമായി കോതമംഗലം
ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമായ കോതമംഗലത്ത് ഡീൻ 20,481 വോട്ടിന്റെ ലീഡാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും 20,596 വോട്ടിന്റെ ലീഡ് ഡീൻ ഇവിടെ നേടിയിരുന്നു.

കൈപിടിച്ചുയർത്തി മൂവാറ്റുപുഴ

2014ൽ തോറ്രപ്പോഴും യു.ഡി.എഫ് 5572 വോട്ടിന്റെ ലീഡ് നേടിയ നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫിന് 32539 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഡീനിന്റെ വീടിരിക്കുന്ന നിയോജകമണ്ഡലം മികച്ച ഭൂരിപക്ഷമാണ് ഇത്തവണയും അദ്ദേഹത്തിന് നൽകിയത്- 27620.