തൊടുപുഴ: സമയം ഇന്നലെ രാവിലെ 8 മണി. ആദ്യം ഒരു ഷട്ടർ ഉയർത്തി, ചെറിയ പ്രവാഹം. പിന്നെ ഓരോ ഷട്ടറുകളായി ഉയർത്തിയപ്പോഴും അത് കൂടി വന്നു. ഒരു മണിക്കൂർ കഴിഞ്ഞ് എല്ലാ ഷട്ടറുകളും ഒരുമിച്ച് തുറന്നതോടെ അത് ഒരു മഹാപ്രളയമായി മാറി. അതേ, വോട്ടിന്റെ മഹാപ്രളയം. എന്നാൽ ചെറുതോണിക്കടുത്ത് പൈനാവിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പുറത്ത് വന്നത് ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വോട്ടൊഴുക്കായിരുന്നു. ആ കുത്തൊഴുക്കിൽ ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടകളെല്ലാം കടപുഴകി. എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നെങ്കിലും ഇത്ര 'ഭീകരമായ' ഒരു വിജയം യു.ഡി.എഫിലാരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
വോട്ടെണ്ണൽ തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 773 വോട്ടിന്റെ ലീഡ് ഡീൻ കുര്യാക്കോസിന് ലഭിച്ചു. 8.15 ന് ആയിരമായും 8.20 ന് രണ്ടായിരമായും ലീഡ് കുതിച്ചുയർന്നു. എട്ടരയോടെ 3161ൽ എത്തിയ ലീഡ് ഒമ്പത് മണിയോടെ 10,045 എത്തി. പിന്നീടുള്ള ഓരോ മിനിറ്റുകളിലും ലീഡ് ഏകപക്ഷീയമായിരുന്നു. ആദ്യ റൗണ്ടിൽ 5058 വോട്ടിന്റെ ലീഡാണ് ഡീൻ കുര്യാക്കോസ് നേടിയത്. തുടക്കം മുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. വോട്ടെണ്ണൽ ആദ്യ രണ്ട് റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ യു.ഡി.എഫ് തരംഗം പ്രകടമായി. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫ്- യു.ഡി.എഫ്. സ്ഥാനാർഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. തുടക്കം മുതൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് യു.ഡി.എഫ് ലീഡ് ചെയ്‌തെങ്കിലും മൂന്നാം റൗണ്ടിൽ 968 വോട്ടിന്റെ ലീഡ് നേടാൻ ജോയ്സിന് സാധിച്ചു. എന്നാൽ ഒടുവിൽ ഉടുമ്പഞ്ചോലമണ്ഡലത്തിലെ ജോയ്സിന്റെ ലീഡ് നിലനിന്നത് വെറും മിനിറ്റുകൾ മാത്രമായിരുന്നു. നാലാം റൗണ്ട് പകുതി ആയപ്പോഴേക്കും ഉടുംബഞ്ചോലയിലെ ലീഡ് 1000 വോട്ടുകൾക്ക് ഡീൻ തിരികെപിടിച്ചു. അപ്പോഴേക്കും ആകെ ഭൂരിപക്ഷം അര ലക്ഷം കടന്നിരുന്നു. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ കുര്യാക്കോസിന്റെ ലീഡ് എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് 80,000 കടന്ന് ഒരു ലക്ഷ്യത്തിലേക്ക് കുതിച്ചു. 11.30ഓടെ ഇടുക്കി മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ എല്ലാം എണ്ണി കഴിഞ്ഞു. ഏഴാം റൗണ്ടിൽ ഭൂരിപക്ഷം ഒരു ലക്ഷം തൊട്ടു. ഇതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിന് അടുത്തെത്തുമെന്ന് തോന്നിച്ചു. എന്നാൽ പിന്നീടുള്ള റൗണ്ടുകളിൽ മന്ദഗതിയിലാണ് ഭൂരിപക്ഷം ഉയർന്നത്. 1.40 ഓടെ 16 റൗണ്ടുകളും പൂർത്തിയായി. എന്നാൽ പണിമുടക്കിയ 16 മെഷീനുകളിലെ വോട്ട് എണ്ണാൻ ബാക്കിയുണ്ടായിരുന്നു. ഇവയിലെ വിവിപാറ്റ് സ്ലിപ്പുകൾ അടക്കം എണ്ണി നാലു മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കി ജില്ലാ കളക്ടർ വിജയിയെ പ്രഖ്യാപിച്ചത്.