തൊടുപുഴ: കണ്ടാൽ ഒരു പാവം പയ്യൻ,​ എല്ലാവരോടും ഒരുപോലെ ജാഡകളേതുമില്ലാതെ ഇടപെടുന്ന സൗമ്യൻ. ഈ ചെറുപ്പക്കാരനായ ഡീൻ കുര്യാക്കോസിന്റെ പേരിലാണ് കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ഇടുക്കിയിലെ റെക്കാഡ് ഭൂരിപക്ഷങ്ങൾ രണ്ടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഇടുക്കിയിലെ ചരിത്രത്തിലെ ഏറ്രവും വലിയ ഭൂരിപക്ഷമായ 1,71,053 വോട്ട് നേടിയത്. അതുവരെ ഇടുക്കിയിലെ റെക്കാഡായിരുന്ന പി.ജെ. കുര്യന്റെ 130624 വോട്ടാണ് ഡീൻ പഴങ്കഥയാക്കിയത്. ഇത്തവണയും ഈ ഭൂരിപക്ഷം മറികടന്ന് 1,​33,​727 വോട്ടുകളുമായാണ് ഡീൻ ഗംഭീര വിജയം നേടിയത്. അങ്ങനെ വീണ്ടും 42കാരനായ ഡീൻ കുര്യാക്കോസ് വീണ്ടും ഇടുക്കിയുടെ എം.പിയായി. മൂവാറ്റുപുഴ പൈങ്ങോട്ടൂർ കുളപ്പുറം എനാനിക്കൽ അഡ്വ. എ.എം. കുര്യക്കോസിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് ഡീൻ. തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രീഡിഗ്രീ പഠിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1998ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി തുടക്കം. പിന്നീട് മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിറ്റ് പ്രസിഡന്റായി. 2000- 01 കാലഘട്ടത്തിൽ എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. പിന്നെ പടി പടിയായി 2013 ജൂണിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വരെ എത്തി. 2006ൽ വി.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി കൊണ്ടുവന്ന സ്വാശ്രയ പ്രൊഫഷനൽ കോളേജ് ബില്ലിനെതിരെ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ ക്രൂര മർദനങ്ങളേറ്റു. 10 ദിവസം തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലായി. പിന്നീട് നിരവധി സമരങ്ങളിലായി പൊലീസിന്റെ മർദ്ദനവും ജയിൽവാസവും പതിവായി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവകേരള യാത്ര നടത്തിയത് ശ്രദ്ധേയമായി. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചത് വിവാദമായി. പഠിക്കാൻ മിടുക്കനായിരുന്ന ഡീൻ നിലവിൽ കാസർകോഡ് കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുകയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂർ സ്വദേശിയായ ഡീൻ ഇപ്പോൾ തൊടുപുഴയിലാണ് താമസിക്കുന്നത്. ഡോ. നിതാ പോളാണ് ഭാര്യ. ഡാനിലോ ഡീൻ ഏക മകനാണ്.

താരപ്രചാരകരില്ലാതെ നേട്ടം

താരപ്രചാരകർ ആരുമെത്താത്ത ഏക മണ്ഡലം ഒരു പക്ഷേ ഇടുക്കിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ലാതെ ഒരു പ്രധാനപ്പെട്ട നേതാവും ഡീനിന് വേണ്ടി വോട്ട് ചോദിക്കാൻ മല കയറിയില്ല. പ്രിയങ്ക ഗാന്ധിയെത്തുമെന്ന് ആദ്യമറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ദേശീയ നേതാക്കൾ ആരും പ്രചാരണത്തിന് എത്താതിരുന്നിട്ടും ഇത്ര വലിയ വിജയം നേടിയത് ഇടുക്കിയിലെ യഥാർത്ഥ താരം ഡീൻ തന്നെയാണെന്നതിന് തെളിവാണ്.