തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച ഇടത് സർക്കാരിനെതിരെയുള്ള ജനവികാരമാണ് ഡീൻ കുര്യാക്കോസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിലൂടെ പ്രകടമായിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം ജെ ജേക്കബ് പറഞ്ഞു.. ഈ തെരഞ്ഞെടുപ്പിലൂടെ കേരള കോൺഗ്രസ് (എം)ന്റെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ പ്രതിനിധാനം ചെയ്യുന്ന ഇടുക്കി നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. മന്ത്രി റോഷി അഗസ്റ്റിൻ രാജിവച്ച് ജനാധിപത്യ മാന്യത കാണിക്കണം. ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നയമാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വാഗ്ദാനങ്ങൾ അപ്പാടെ ലംഘിച്ചു. കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഭൂമി പതിവ് ഭേദഗതി നിയമം ഇടുക്കിയിൽ വീണ്ടും നിർമ്മാണ നിരോധനം ഏർപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 12,000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചു. എക്കാലത്തും ഇടതുമുന്നണിക്ക് ജില്ലയിലെ ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ടുപോകാൻ ആകില്ലെന്ന് ജേക്കബ് പറഞ്ഞു.