തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ എൻ.ഡി.എയ്ക്ക് നേരിയ ആശ്വാസം. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻ.ഡി.എ ഇത്തവണ നില മെച്ചപ്പെടുത്തി. 91229 വോട്ടാണ് സംഗീത വിശ്വനാഥന് നേടിയത്. ശബരിമലയടക്കമുള്ള അനുകൂല ഘടകങ്ങളുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന് ലഭിച്ചത് 78648 വോട്ട് മാത്രമായിരുന്നു. 2014ൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സാബു വർഗീസ് നേടിയത് 50438 വോട്ടുകളായിരുന്നു. ഈ കണക്കുകൾ വച്ചുനോക്കുമ്പോൾ എൻ.ഡി.എയ്ക്കും സ്ഥാനാർത്ഥി സംഗീതയ്ക്കും ആശ്വസിക്കാം. ഇടത്- വലത് മുന്നണികളെ അപേക്ഷിച്ച് വളരെ വൈകിയായിരുന്നു ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായ സംഗീതയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായതിന് ശേഷമുള്ള രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.
'കഴിഞ്ഞ രണ്ട് തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വർദ്ധിച്ചിട്ടുണ്ട്. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുനേടിയതിൽ സംതൃപ്തിയുണ്ട്."
-സംഗീത വിശ്വനാഥൻ (എൻ.ഡി.എ)