ഇടുക്കി: സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുവിരുദ്ധ തരംഗത്തിൽ തുടർച്ചയായ രണ്ടാം തവണയും കോൺഗ്രസിലെ ഡീൻ കുര്യാക്കോസിന്റെ തേരോട്ടം. ഇടുക്കിയിൽ മൂന്നാം വട്ടവും ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം. ആകെ പോൾ ചെയ്ത 8,41,286 വോട്ടുകളിൽ 4,32,372 വോട്ടുകൾ ഡീനിന് ലഭിച്ചപ്പോൾ 2,98,645 വോട്ടുകൾ മാത്രമാണ് ജോയ്സിന് നേടാനായത്. എൻ.ഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ 91,323 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് അവസാനിക്കും വരെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനോ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനോ തന്റെ ലീഡിന്റെ പരിസരത്ത് പോലും എത്താൻ സമ്മതിക്കാത്ത വിധമായിരുന്നു ഡീനിന്റെ മുന്നേറ്റം. ആദ്യ ഫല സൂചന പുറത്ത് വന്നപ്പോൾ മുതൽ ഡീനിന് തന്നെയായിരുന്നു ആധിപത്യം. പിന്നീട് ഓരോ മണിക്കൂറിലും ഭൂരിപക്ഷം കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണത്തേക്കൾ പത്ത് ശതമാനത്തിനടുത്ത് പോളിംഗ് ശതമാനം കുറവായിട്ടും ഇത്രയും ഭൂരിപക്ഷം നേടിയത് യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. എൽ.ഡി.എഫിന് മികച്ച ലീഡ് പ്രതീക്ഷിച്ച മുൻമന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലടക്കം ഏഴ് നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് നേടി. തൊടുപുഴ നിയോജകമണ്ഡലത്തിൽ മാത്രം 33,620 വോട്ടുകളുടെ ലീഡ് ഡീൻ സ്വന്തമാക്കി. മന്ത്രി റോഷി അഗസ്റ്റിന്റെ നിയോജകമണ്ഡലമായ ഇടുക്കിയിൽ 15,595 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ നേടി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് പോയതിന്റെ യാതൊരു ക്ഷീണവും യു.ഡി.എഫിനുണ്ടായില്ല. മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലും ഡീൻ 6760 വോട്ടുകളുടെ ലീഡ് നേടി. ഇത്തവണ 65.55 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ 9.71 ശതമാനം പോളിംഗ് കുറഞ്ഞപ്പോൾ ഇരു മുന്നണികളും ആശങ്കയിലായിരുന്നു. എന്നാൽ ഇതൊന്നും ഡീനിന്റെ വൻവിജയത്തിന് തടസമായില്ല. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ഡീൻ ജോയ്സിനെ പരാജയപ്പെടുത്തിയത്. 2019നേക്കാൾ 9.71 ശതമാനം പോളിംഗ് കുറവായിരുന്നു ഇത്തവണ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 78648 വോട്ടുകൾ നേടിയ എൻ.ഡി.എ ഇത്തവണ 91323 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 5317 വോട്ടുകൾ നേടിയ നോട്ട ഇത്തവണ 9519 ആയി കൂടി. 2014ലെ പോലെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് കരുതിയ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഈ പരാജയം.