
ഇടുക്കി: പൊതുപ്രവർത്തകയുടെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുത്ത് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പീരുമേട് അട്ടപ്പള്ളംകര സ്വദേശി എം.ടി. ജെയിംസ്, രാജേഷ് രാജു എന്നയാൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. പരാതിയിന്മേൽ നടപടിയെടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉദാസീനതയുണ്ടായതായി പീരുമേട് ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് കമ്മിഷൻ കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പൊലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡിവൈ.എസ്.പി കമ്മിഷനെ അറിയിച്ചു. 2023 സെപ്തംബറിൽ ഇടുക്കി സൈബർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോയെന്ന് സൈബർ പൊലീസിന് മനസിലാക്കാമായിരുന്നതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാളിൽ നിന്ന് പൊലീസ് തെളിവുകൾ കണ്ടെത്തണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.