തൊടുപുഴ: പ്രകൃതിയോടിണങ്ങി ചേർന്ന് ജീവിച്ചാൽ മാത്രമേ മാനവരാശിക്ക് നിലനിൽപ്പുള്ളുവെന്ന തിരിച്ചറിവിൽ ലോക പരിസ്ഥിതി ദിനം വിവിധങ്ങളായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും അതിന് വൃക്ഷഷങളുടെ പങ്ക് ഉൾക്കൊണ്ട് ചെടികൾ വിതരണവും വൃക്ഷത്തൈവിതരണവും പരിസര ശുചീകരണവും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി. കളക്ട്രേറ്റ് വളപ്പിൽ വൃക്ഷത്തൈ നട്ടു
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ് , ജില്ലാപൊലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപ് എന്നിവർ ഇടുക്കി കളക്ടറേറ്റ് വളപ്പിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കിയും അനാവശ്യമായി മരങ്ങൾ മുറിക്കാതെയും വരും തലമുറയ്ക്ക് മാതൃക കാട്ടണമെന്ന് കളക്ടർ പറഞ്ഞു.
പരിസ്ഥിതി സ്‌നേഹം ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുക്കാതെ എപ്പോഴും പ്രകൃതിയോട് കരുതൽ കാട്ടണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
നാഗാർജുന റിക്രിയേഷൻ ക്ലബ്ബ്
പരിസ്ഥിതി ദിനം ആചരിച്ചു
ആലക്കോട്:നാഗാർജുന റിക്രിയേഷൻ ക്ലബിന്റെ
പരിസ്ഥിതി ദിനാചരണം ടെക്‌നിക്കൽ ഡയറക്ടർ ഡോ.സി.എസ്.കൃഷ്ണകുമാർ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതിദിന സന്ദേശവും നൽകി.ഫാക്ടറി മാനേജർ അജിത് കുമാർ,പ്രൊഡക്ഷൻ ഡെപ്യൂട്ടി മാനേജർ ബിജു സി.ജോയ്ക്ക് ആദ്യ തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം.ആർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ്ബ് ചെയർമാൻ പി.ബി സതീഷ്‌കുമാർ, കെ.ദയാൽ, ക്ലബ്ബ് പ്രസിഡന്റ് ജോമോൾ തോമസ് എന്നിവർ പ്രസംഗിച്ചു.
വൃക്ഷതൈനടീൽ
അടിമാലി: ദൈവിക ഭൂമി പരിസ്ഥിതി ഫോറം സംസ്ഥാനതല പരിസ്ഥിതി ദിനാചരണം അടിമാലിയിൽ നടന്നു. അടിമാലി പൊലീസ് സ്റ്റേഷൻ പരിസരത്തു നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ സുനിൽ ഉദ്ഘാടനം ചെയ്തു. വൃക്ഷതൈനടീൽ ഉദ്ഘാടനം അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസ് മാത്യു നിർവ്വഹിച്ചു. പരിസ്ഥിതി ഫോറം സസ്ഥാന ചെയർമാൻ പി .പി ബേബി മുഖ്യ പ്രഭാഷണം നടത്തി. സസ്ഥാന ജനറൽ സെക്രട്ടറി എം .എൻ ശ്രീനിവാസൻ പരിസ്ഥിതി സന്ദേശം നൽകി..യോഗത്തിൽ പരിസ്ഥിതി ഫോറം ജില്ലാ ചെയർമാൻ എം .പി ജോയി അദ്ധ്യക്ഷനായി . താലൂക്ക് ചെയർമാൻ സുരേഷ് വേലായുധൻ സ്വാഗതം പറഞ്ഞു. പരിസ്ഥിതി ഫോറം ജില്ലാ ഭാരവാഹികളായ പി. കെ സന്ധ്യ, ആൻസി മാത്യു, വി .എം പ്രകാശ് എന്നിവരും പങ്കെടുത്തു.
പെൻ ഡ്രോപ്പ് ബോക്‌സ് ഉദ്ഘാടനം
തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം നടന്നു.
ഒരു വർഷം നീളുന്ന വൃക്ഷനിരീക്ഷണ പരിപാടിയുടെയും ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്ന പെൻ ഡ്രോപ്പ് ബോക്‌സിന്റെയും ഉദ്ഘാടനം ദിനാചരണത്തോടനുബന്ധിച്ച് നടന്നു. സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി കുന്നേൽ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു, കോ ഓർഡിനേറ്റർമാരായ സിസ്റ്റർ കൊച്ചുറാണി, റ്റിഷാ ജോസ്, നൈസിൽ പോൾ, മാസ്റ്റർ ഏബൽ എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ മത്സരവും വൃക്ഷത്തൈ വിതരണവും
പീരുമേട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും വൃക്ഷത്തൈ വിതരണവും നടത്തി. മുറിഞ്ഞപുഴ സർക്കാർ എൽ.പി.സ്‌കൂളിൽ നടന്ന പരിപാടി മുറിഞ്ഞപുഴ ഡിവിഷൻ ഡെപ്യുട്ടി റേഞ്ച് ഓഫീസർ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക അനിത അൻസിൽ അധ്യക്ഷത വഹിച്ചു. ബി.എഫ്.ഒ.മാരായ സജു എസ്.ദേവ്, ഡി.വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
കാമ്പസ് ശുചീകരണം നടത്തി
പാമ്പനാർ: ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ്‌കോളേജിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഭൂമിത്രസേന , നാഷണൽ സർവീസ് സ്‌കീം എന്നീ ക്ലബ്ബുകൾ സംയുക്തമായി നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ജിതിൻജോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയുംനേതൃത്വത്തിൽ കാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിച്ചു കൊണ്ട് വൃക്ഷത്തൈ നടുകയും ചെയ്തു.
ക്ലാസ് നടത്തി
കുമാരമംഗലം : കഴിഞ്ഞവർഷം സ്‌കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തോട്ടം നിർമ്മിക്കുകയുണ്ടായി. പുതിയ തൈകൾ നടന്നതിനോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. അദ്ധ്യാപകരുടെ സഹായത്തോടെ ചെടികളുടെ ചുവട് വൃത്തിയാക്കി, വളമിട്ട് , കീടങ്ങളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തി ഓരോ മരത്തിന്റെയും ചുമതല ക്ലാസുകൾ തിരിച്ചു നൽകി. കൂടാതെ, പുതുതായി ഈ വർഷം ലഭിച്ച വൃക്ഷത്തൈകൾ നടന്നതിനുവേണ്ടി അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കുന്ന ദൗത്യവും കുട്ടികൾ ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണത്തോടനുബന്ധിച്ച് നടത്തിയ സ്‌കൂൾ അസംബ്ലിയിൽ സ്‌കൂളിലെ രക്ഷകർത്താവും പ്രകൃതി സ്‌നേഹിയും അമേരിക്കൻ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതുമായ ജെമിനി മാത്യു കുട്ടികൾക്കും അദ്ധ്യാപകർക്കും ക്ലാസ് നടത്തി.