
തൊടുപുഴ: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് കരിങ്കുന്നം വടക്കംമുറി നിവാസികൾ വാട്ടർ അതോറിട്ടിയിൽ ജനങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. കരിങ്കുന്നം പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ കെ.എസ്. അജിമോന്റെ നേതൃത്വത്തിലാണ് പ്രദേശവാസികൾ കുത്തിയിരുപ്പ് സമരം നടത്തിയത്. പ്ലക്കാഡുകളും കാലിക്കുടങ്ങളുമായിട്ടാണ് ഓഫീസിന്റെ മുമ്പിൽ സമരം നടത്തിയത്. ജലഅതോറിട്ടിയിലെ മെയിൻ പമ്പ് ഹൗസിലെ പ്രധാന ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അഞ്ച് ദിവസമായി ഈ ഭാഗത്ത് കുടിവെള്ളം കിട്ടുന്നില്ലായിരുന്നു. തുടർന്ന് പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലഅതോറിട്ടി അധികൃതരെ സമീപിച്ചെങ്കിലും കോൺട്രാക്ടർമാർ സമരത്തിലാണെന്നായിരുന്നു അധികൃതർ നൽകിയ മറുപടി. ഇതോടെയാണ് പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയത്. മൂന്നു കോളനികളിലായി ഏകദേശം 270 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വേനൽക്കാലത്ത് കോളനിയിലെ ജനങ്ങൾ കാശ് കൊടുത്ത് കുടിവെള്ളം മേടിക്കേണ്ട അവസ്ഥയായിരുന്നു. മഴക്കാലത്തും ഇതേ സ്ഥിതി തന്നെയാണെന്ന് വാർഡ് മെമ്പർ കെ.എസ്. അജിമോൻ പറഞ്ഞു. സമരത്തെ തുടർന്ന് തൊടുപുഴ എസ്.ഐ എം.ഡി. മധു നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അസിസ്റ്റന്റ് എൻജിനിയർമാരും സമരക്കാരുമായി ചർച്ച നടത്തി. എന്നാൽ പൈപ്പ് നന്നാക്കാനുള്ള നടപടികൾ ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടർന്ന് കേടായ പൈപ്പ് നന്നാക്കാൻ നടപടി ആരംഭിച്ചതോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ച് മടങ്ങിയത്.