തൊടുപുഴ: ഇത്തവണ ഇടുക്കിയിൽ ഇടതുപക്ഷത്തിനുണ്ടായത് മുൻ തിര‌ഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത വോട്ട് ചോർച്ച. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകളിൽ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. അവസാനം നടന്ന 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി എൽ.ഡി.എഫ് നേടിയത് 4,27,355 വോട്ടായിരുന്നു. എന്നാൽ ഇത്തവണ അത് 2,98,645 വോട്ടുകളായി കുറഞ്ഞു. 1,28,710 വോട്ടുകളാണ് കുറഞ്ഞത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 327440 വോട്ടായിരുന്നു ഡീൻ നേടിയത്. എന്നാൽ ഇത്തവണ കിട്ടിയത് 2,98,645 വോട്ടാണ്. 28,795 വോട്ടിന്റെ കുറവാണുണ്ടായത്. 0.15 ശതമാനം വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞ തവണ 35.68 ശതമാനം വോട്ടാണ് ജോയ്സിന് ലഭിച്ചത്. ഇപ്രാവശ്യം 35.53 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ഡീൻ കുര്യാക്കോസിനും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആകെ വോട്ടിലും ഭൂരിപക്ഷത്തിലും കുറവ് വന്നിട്ടുണ്ട്. ഇത്തവണ 4,32,372 വോട്ടുകളാണ് ഡീൻ നേടിയത്- 51.43%. 2019ൽ 4,98,493 വോട്ട് നേടിയിരുന്നു- 54.32%. അതായത് 66,121 വോട്ടിന്റെ (2.89%)​ കുറവാണുണ്ടായത്. ഇത്തവണത്തെ പോളിംഗിൽ 9.71 ശതമാനത്തിന്റെ കുറവുണ്ടായതും ഇതിനൊപ്പം കണക്കാക്കണം. എൽ.ഡി.എഫിനും യു.ഡി.എഫിനും 2019ലെ വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടായപ്പോൾ എൻ.ഡി.എ.യുടെ വിഹിതം 2.29 ശതമാനം കൂടി. 10.86 ശതമാനം വോട്ടാണ് ബി.ഡി.ജെ.എസിന്റെ അഡ്വ. സംഗീത വിശ്വനാഥൻ നേടിയത്. മുൻ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത് 8.57 ശതമാനമായിരുന്നു.