തൊടുപുഴ: മഴക്കാലം എത്തിയിട്ടും തൊടുപുഴയിൽ ശുചീകരണപ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. നഗരമദ്ധ്യത്തിലെ പലപ്രധാനപ്പെട്ട പാതയോരങ്ങളിലെ ഓടകളിൽ പലതും ഇപ്പോഴും ശുദ്ധീകരിച്ചിട്ടില്ല. കൂടാതെ പല ഓടകൾക്കും മൂടികളുമില്ല. തൊടുപുഴയിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ തൊടുപുഴയാറിന്റെ തീരവും മാലിന്യകൂമ്പാരം നിറഞ്ഞ് പുഴയുടെ തീരവും മലീമസമായിരിക്കുകയാണ്. മഴക്കാലം കനത്തതോടെ തൊടുപുഴയാറിൽ ജലംനിറഞ്ഞ് ഒഴുകിയെത്തുന്ന ചെളിയും മറ്റ് ജൈവ അജൈവമാലിന്യങ്ങളും പുഴയുടെ തീരത്ത്് കെട്ടികിടക്കാൻ തുടങ്ങിയതോടെ പുഴയിലേയ്ക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുമാണ്. മഴയും ശക്തിയാർജിച്ചത്തോടെ നഗരത്തിലെ പലഓടകളും നിറഞ്ഞ് ഒഴുകി മലിനജലം പുഴയിലേയ്ക്ക് പതിക്കുകയും ചെയ്യുന്നു. നടപ്പാതകളിലെ ഓടകളിൽ പലതിനും മൂടികളില്ലാത്തതുമൂലം പലവിധ ആവശ്യങ്ങൾക്കായി നഗരത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരിൽ പലരും നന്നേ ബുദ്ധിമുട്ടുകയാണ്. ഓടകളിൽ നിന്നും ഉയരുന്ന രൂക്ഷമായ ഗന്ധവും കാൽനടയാത്രയെ വളരെ ദുർഘടമാക്കുകയാണ്.
ഓടകൾ പലതും നിറഞ്ഞ് റോഡ് തോടാകുന്ന സ്ഥിതിയും മഴക്കാലത്ത് പതിവ് സംഭവമാണ്. ഈ സമയം നിരത്തിലേയ്ക്ക് ഇരുചക്രവാഹനങ്ങളുമായി ഇറങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. വാഹനുമായി നിരത്തിലിറങ്ങുമ്പോൾ പലപ്പോഴും വാഹനം നിന്നു പോകുകയും ചെയ്യുന്നു. പകർച്ചവ്യാധി, ജലജന്യരോഗങ്ങളും ജനങ്ങൾക്ക് ഭീഷണി ഉയർത്തുകയാണ്. ഹോട്ടലുകളിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഓടകളിലേയക്ക് വന്നടിയുന്ന വേസ്രറുകളും രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.നഗരത്തിലെ പലയിടങ്ങിൽ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന പോലെയാണ് നഗരസഭയുടെ ശുചീകരണപ്രവർത്തനങ്ങൾ എന്ന അക്ഷേപവും ഉയരുന്നു. എത്രയും പെട്ടെന്ന് മാലിന്യം സംസ്‌കരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
മൂടാത്ത ഓടകൾ ഭീഷണി
നഗരമദ്ധ്യത്തിലെ മൂടാത്ത ഓടകളിൽ കാൽവഴുതി വീണ് ഉണ്ടാകുന്ന അപകടങ്ങൾ അനവധി. മഴക്കാലത്താണ് അപകടങ്ങൾ ഏറെ. റോഡുകളിൽ വെള്ളം നിറയുന്നതുമൂലം അത് അറിയാതെ പലരും ഓടകളിലേയ്ക്ക് വീഴുന്ന സാഹചര്യവും നിലനിൽക്കുന്നു.പലതും ഗ്രിൽ ഉപയോഗിച്ചാണ് അടക്കുന്നതുമൂലം അവയിൽ കാൽകുടുങ്ങിയും അപകടങ്ങളും ഉണ്ടാകുന്നു.ഏതാനും നാളുകൾക്ക് മുൻപ് പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്ത് ഗ്രില്ലിൽ യുവതിയുടെ കാൽകുടുങ്ങിയ സംഭവവും ഉണ്ടായിട്ടുമുണ്ട്.