തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന ആരോപണവുമായി എം.എൽ.പി.ഐ (റെഡ് ഫ്‌ളാഗ്) ജില്ലാ കമ്മിറ്റി. മെഡിക്കൽ വിദ്യാഭ്യാസത്തിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കുമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെത്തുടർന്ന് വിദ്യാർത്ഥികളും രോഗികളും വലയുകയാണ്. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകേണ്ട ആതുരലായം കൂടിയാണിത്. ആശുപത്രിയിൽ ലാബ്, ഓപ്പറേഷൻ തിയറ്റേർ, ക്ലാസ് റൂം, അധ്യാപകർ, ഹോസ്റ്റൽ സൗകര്യം ഒരുക്കും എന്നിവയെല്ലാം വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നു. വിവിധ ജില്ലകളിൽ നിന്നും അനവധി പെൺകുട്ടികളുൾപ്പെടെ പഠിക്കുന്ന കോളേജിൽ അവർക്കുള്ള ഹോസ്റ്റലും നിർമ്മിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ ലാബിലേയ്ക്കും ആശുപത്രിയിലേയ്്ക്കും രോഗനിർണ്ണയത്തിനും ആവശ്യമായ ഉപകരണങ്ങളുൾപ്പെടെ എത്തിയിട്ട് മാസങ്ങളായി. അവ ഇൻസ്റ്റാൾ ചെയ്ത് വിദ്യാർത്ഥികൾക്കും രോഗികൾക്കും ഉപയുക്തമാക്കുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യം അനിവാര്യമായിട്ട് പോലും രണ്ടുവർഷമായിട്ടും അതിന്റെ പ്രാരംഭ നടപടികൾ പോലും നടത്തിയിട്ടില്ല. ഓപ്പറേഷൻ തിയറ്റേർ ഇല്ലാത്തതിനാൽ അത് സംബന്ധിച്ച ക്ലാസ്സുകളും എടുക്കുന്നില്ല. വിദ്യാർത്ഥികൾക്കായി എല്ലാ ബ്ലോക്കുകളിലും പഠന മുറി വേണമെന്നിരിക്കെ ഒന്നും പോലും പൂർത്തീകരിച്ചിട്ടുമില്ല. ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി എന്നീ വിഭാഗത്തിലും പരിശീലനവും നൽകുന്നില്ല. ഗൈനക്കോളജി വിഭാഗം പ്രവർത്തനവും സുഗമമല്ലാത്തിനാൽ മണിക്കൂറുകളോളം യാത്ര ചെയ്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത്തരം വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് അപര്യാപ്തതകൾ പരിഹരിച്ച് സുഗമമായി നടത്തിപ്പിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭനടപടികൾ ആരംഭിക്കുമെന്നും ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അറിയിച്ചു.