
തൊടുപുഴ: പാതയോരങ്ങളിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ ഭീഷണിയാകുന്നു. നഗരത്തിന്റെ വിവിധ ഇടങ്ങളിലായി നിരവധി മരങ്ങളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ നിൽക്കുത്. മരച്ചുവട്ടിലെ മണ്ണൊലിച്ച് വേരുകൾ പുറത്തേയ്ക്ക് ദൃശ്യമാകും വിധം നിലം പതിയ്ക്കാവുന്ന നിലയിലും, ചില്ലകൾ റോഡിലേയ്ക്ക് ചാഞ്ഞുമാണ് അവ നിൽക്കുന്നത്. ചിലയിടങ്ങളിൽ ഉണങ്ങിയ മരച്ചില്ലകളും വില്ലനായി തീർന്നിട്ടുണ്ട്. മണക്കാട് വില്ലേജ് ഓഫീസിനു സമീപം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും വിധം രണ്ട് വാകമരങ്ങളു മാവും നിൽക്കുന്നുണ്ട്. വണ്ണപ്പുറം റൂട്ടിൽ കാളിയാർ എസ്റ്റേറ്റിനു സമീപവും റോഡിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളും ഭീഷണിയാണ്. . മണക്കാട് എൻ.എസ്.എസ്. എൽ. പി സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ സ്ഥിരമായി അരിക്കുഴ ഭാഗത്തേയ്ക്കും തൊടുപുഴയിലേയ്ക്കും യാത്രചെയ്യുന്നവർക്കായി നിർമ്മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡും മരങ്ങളുടെ ചുവട്ടിലാണ് നിർമ്മിച്ചിട്ടുള്ളത്. .11 കെവി ഉൾപ്പെടെ ഹൈടെൻഷൻ ലൈനുകളും ഇതുവഴി പോകുന്നതുമൂലം ഭീതിയോടെയാണ് ഇവിടെ ബസ് കാത്തിരിക്കുന്നതെന്നാണ് കുട്ടികളും നാട്ടുകാരും പറയുന്നത്. മഴക്കാലവും കടുത്തതോടെ ചുവടുകളിലെ മണ്ണൊലിച്ച് മരം കടപുഴകി വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. എത്രയും വേഗം അവ മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാഴ്ച മറയ്ക്കുന്ന മരങ്ങൾ
റോഡിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. മരച്ചില്ലകൾ മൂലം പലപ്പോഴും എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവും ഉണ്ട്. ശക്തമായി മഴ പെയ്യുന്ന സാഹചര്യവും കൂടിയാണെങ്കിൽ അപകടത്തിന്റെ തോത് വർദ്ധിക്കും. രാത്രികാലങ്ങളിലടക്കം യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്.
ശിഖരം ഒടിഞ്ഞ് വീണു,
ബസിന് നിയന്ത്രണംവിട്ടു
അടിമാലി: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം കെ. എസ്. ആർ. ടി. സി ബസ് നിയന്ത്രണംവിട്ട് തെന്നിമാറി,ഡ്രൈവറുടെ സംയോജിത മായ ഇടപെടൽ മൂലം അപകടം ഒഴിവായി. . 42 ഓളം യാത്രക്കാരുമായി പോയ മൂന്നാർ -കാന്തല്ലൂർ കെ. എസ്. ആർ. ടി. സി ബസ്സിന്റെ മുൻവശത്തെ ഗ്ലാസിന് മുകളിലായി ഉണക്ക മരത്തിന്റെ ശിഖരം പതിച്ചു. ബസ് നിയന്ത്രണം വിട്ടു തെന്നി മാറിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ദേശീയപാതയിൽ അപകട ഭീഷണി നിൽക്കുന്ന നിരവധി മരങ്ങൾ ഉണ്ടെങ്കിലും പലവട്ടം വെട്ടിമാറ്റും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഇതിനൊന്നും കൂട്ടാക്കുന്നില്ല വരാനിരിക്കുന്ന ശക്തമായ കാലവർഷത്തിൽ വലിയ അപകടമാണ് ഈ മേഖലയിൽ പതുങ്ങിയിരിക്കുന്നത്.