പീരുമേട് : ഏതു സമയവും അപകട സാദ്ധ്യതയുള്ള വളത്താങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാർക്കിങ്ങ് നിരോധിച്ച ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നു. ഇതോടെ ഇവിടെ അപകടത്തിൽ പെരുകുന്നു. കൊല്ലം- തേനി ദേശീയ പാതയിൽ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാർക്കിംഗ് നിരോധിച്ച ഭാഗത്ത് വാഹനങ്ങളുടെ പാർക്കിങ് വീണ്ടും തുടരുകയാണ്. വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ നിരവധിവാഹനങ്ങൾ പാർക്കിംഗ് നിരോധന മേഖലയിൽ നിർത്തിയിട്ടശേഷമാണ് വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി പോകുന്നത്. മഴ ശക്തമായതോടെ തൊട്ടുമുകളിലെ തിട്ടയിൽനിന്ന് ഏതു നിമിഷവും മണ്ണുംപാറക്കഷണങ്ങളും മരങ്ങളും റോഡിലേക്ക് പതിക്കുന്ന സാഹചര്യമാണുള്ളത്. ഇവിടെ പാർക്കിങ് നിരോധിച്ചുകൊണ്ടു സ്ഥാപിച്ച ബോർഡ് യാത്രക്കാർ ഗൗരവമായി എടുക്കുന്നില്ല. ശക്തമായ മഴ പ്രദേശത്ത് പതിവാണ്. കഴിഞ്ഞ മഴ സീസണിൽ ഇവിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് കല്ലും മണ്ണും വീണ് വീട്ടമ്മ മരിച്ചിരുന്നു. തുടർന്ന് ഇളകിനിന്നിരുന്ന പാറക്കല്ലും മരവും നീക്കം ചെയ്തു. എന്നാൽ അപകടസാദ്ധ്യത ഒഴിവായിട്ടില്ല. മണ്ണുമായി ബന്ധം വേർപെട്ടു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ഇനിയും ഇവിടെ ഏറെയാണ്. എന്നാൽ ഇക്കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെയാണ് വലുതും ചെറുതുമായ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത്.
അപകടഭീഷണി
അറിയുന്നില്ല
വളഞ്ഞങ്ങാനത്ത് രാത്രിയിലും പകലും ഒരുപോലെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നുണ്ട് ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന യാത്രികർക്ക് അപകട ഭീഷണിയുടെ വ്യാപ്തി സംബന്ധിച്ച് അറിയുകയുമില്ല. മോട്ടോർ വാഹന വകുപ്പിന്റെയും, ഹൈവേ പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.