
മൂലമറ്റം : മണ്ണിടിച്ചിലിൽ മൂലമറ്റം -വാഗമൺ റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും ചെളിയും കല്ലും നീക്കം ചെയ്യാൻ നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ എടാടിനു സമീപം മണ്ണിടിഞ്ഞ് റോഡിലേക്കുവീണിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവിടെ അടിഞ്ഞുകൂടിയ മണ്ണും കല്ലും ചെളിയും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. വാഗമണ്ണിനുള്ള ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതാണ്. വീതി കുറഞ്ഞ റോഡിൽ മണ്ണും ചെളിയും കിടക്കുന്നത് ഇവിടെ അപകടങ്ങൾക്കും സാദ്ധ്യത ഏറെയാണ്. റോഡിലെ തടസ്സങ്ങൾ ഒഴിവാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.