poth
വെള്ളാരംകുന്നിൽ കാട്ടുപോത്ത് ഇറങ്ങിയതറിഞ്ഞെത്തിയ വനപാലകർ പഞ്ചായത്ത് മെമ്പർ റോബിൻ കാരക്കാട്ടിലിനോട് വിവരങ്ങൾ അന്വേഷിക്കുന്നു

കുമളി : കാട്ടുപോത്തും കരടിയും ഒക്കെ ഇപ്പോൾ നാട്ടിൽ നിത്യ സന്ദർശനത്തിലാണ്. നാട്ടുകാരോട് പുറത്തിറങ്ങുന്നത് സൂക്ഷിച്ച് വേണം എന്ന് പറയേണ്ട ഗതികേട്. എന്താണേലും ഇക്കുറി കാട്ടുപോത്ത് സന്ദർശനം നടത്തിയത് കുമളിക്ക് സമീപം വെള്ളാരംകുന്നിലും പരിസര പ്രദേശങ്ങളിലുമാണ്. തള്ളയും കുട്ടിയുമാണെന്നാണ് പഞ്ചായത്ത് മെമ്പർ റോബിൻ കാരക്കാട്ട് പറഞ്ഞത്. വലിയതും ചെറിയതുമായ കാൽപ്പാടുകളാണ് ഈ നിഗമനത്തിന് കാരണം. ഇന്നലെ പുലർച്ചെ ഒന്നരയോടെ വെള്ളാരംകുന്നിന് സമീപം കണ്ണാമ്പാറയിൽ കുമാർ ആണ് ആദ്യം കാട്ടു പോത്തിനെ കണ്ടത്. പേടിച്ച കുമാർ നാട്ടുകാരേയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിച്ചു. ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച കുമളി സ്പ്രിംഗ് വാലിയിൽ കാട്ടു പോത്തിന്റെ അക്രമണത്തിൽ ജീവൻ കഷ്ടിച്ച് രക്ഷപ്പെട്ട മുല്ലമല രാജീവ് ഇപ്പോഴും ചികിത്സയിലാണ്. വാരിയെല്ലുകളും കരൾ ശ്വാസകോശം അടക്കം രാജീവിന്റെ ആന്തരികാവശവങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. വെള്ളാരംകുന്നിൽ കാട്ടുപോത്ത് ഇറങ്ങിയതറിഞ്ഞ വനപാലകർ രാവിലെ തന്നെ സ്ഥലത്തെത്തിയപ്പോഴേക്കും തള്ളപ്പോത്തും കുട്ടിപ്പോത്തും സ്ഥലം വിട്ടിരുന്നു. പിന്നീട് പോത്തും കിടാവും സന്ദർശനം നടത്തിയത് കന്നിമാർ ചോലയിലാണ്. ഇന്നലെ രാവിലെ ഏഴരയോടെ ഇവിടെ കണ്ടതും തള്ളയും കുട്ടിപ്പോത്തിനേയുമാണ്. കുമളി ചെളിമടക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിൽ ആദ്യം ഏതാനും പോത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എണ്ണം പെരുകി 25 ലധികമായി. കാപ്പിത്തോട്ടവും പരിസര പ്രദേശങ്ങളും പോത്തുകളുടെ താവളമായി മാറി. ഈ നില തുടർന്നാൽ അധികം താമസിക്കാതെ പോത്തുകളുടെ എണ്ണം ഇനിയും കൂടും ഇത് മനുഷ്യജീവന് കൂടുതൽ ഭീഷണിയാകും.