വെള്ളത്തൂവൽ: പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിന്റെയും പള്ളിവാസലിന്റെയും സമീപപ്രദേശങ്ങളിൽ മൊബൈൽ സിഗ്നൽ ലഭിക്കാത്തത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയടക്കം ആശങ്കയിലാക്കുന്നു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ റേഞ്ച് പ്രശ്നം കാരണം അപകടവിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ ഫയർഫോഴ്സ് അധികാരികളെയോ അറിയിക്കാൻ കഴിയില്ല. ഇതാണ് പ്രദേശവാസികളെയും സഞ്ചാരികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നെത്തിയ സഞ്ചാരികളുടെ വാഹനം തേയിലതോട്ടത്തിലേക്ക് മറിഞ്ഞ് ഒരു കുട്ടിക്ക് സാരമായ പരിക്കേറ്റിരുന്നു. ഇവിടെ മൊബൈൽ സിഗ്നൽ ഇല്ലാതിരുന്നതിനാൽ ഏറെ സമയം തേയിലക്കാടിനുള്ളിൽ സഞ്ചാരികൾ അകപ്പെട്ടു പോയി. ഏറെ സമയം കഴിഞ്ഞ് ഇതുവഴി വന്ന മറ്റു സഞ്ചാരികളാണ് കാഴ്ചയ്ക്കിടയിൽ ഈ വാഹനം അപകടത്തിൽപ്പെട്ട് കിടക്കുന്നത്കണ്ടത്. ഈ പ്രദേശങ്ങളിൽ മൊബൈൽ സിഗ്നലിന്റെ അപര്യാപ്തതയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് യൂത്ത് ഫ്രണ്ട് (ബി)​ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രതീഷ് അത്തിക്കുഴി, ടി.ഡി. തങ്കച്ചൻ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു. മൊബൈൽ സിഗ്നൽ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.