തൊടുപുഴ: നഗരസഭയിൽ മാലിന്യ നീക്കവും സംസ്‌കരണവും അവസാനിപ്പിച്ചതിനെ തുടർന്ന് മാലിന്യം കുന്ന് കൂടി നഗരം പകർച്ചവ്യാധികളുടെ പിടിയിലാകുന്ന സ്ഥിതിയിലാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. ആറു മാസമായി പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ജൈവമാലിന്യം ശേഖരിക്കുന്നത് നിറുത്തിവെച്ചിരിക്കുകയാണ്. പട്ടണത്തിലെ പച്ചക്കറി മാർക്കറ്റിൽ ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ടൺ ജൈവ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. തൊടുപുഴ വെസ്റ്റ് മാർക്കറ്റിലെ പച്ചക്കറി മാലിന്യം അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ബയോഗ്യാസ് പ്ലാന്റിൽ സംസ്‌കരിച്ചിരുന്നതാണ്. എന്നാൽ 2000 കിലോ ദിവസേന സംസ്‌കരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനരഹിതമായി. തൊടുപുഴ പട്ടണത്തിലെ ശുചീകരണ തൊഴിലാളികൾ ദിവസേന അടിച്ചുവാരുന്ന പൊതുമാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇവ അടിച്ചു വാരി പരസ്യമായി കത്തിക്കുകയാണ്. ഈ മാലിന്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പാറക്കടവിലെ ഡമ്പിങ് യാർഡിൽ ജൈവമാലിന്യ സംസ്‌കരണത്തിനായി വർഷങ്ങൾക്ക് മുമ്പ് ഷെഡ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അവിടെ ജൈവമാലിന്യ സംസ്‌കരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അവിടെ സംസ്‌കരണം ആരംഭിക്കുകയും പട്ടണത്തിലെ ജൈവ മാലിന്യം നീക്കം ചെയ്യുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാൻ കഴിയൂ. ഇത്ര ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും നഗരസഭാ നേതൃത്വം പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. നഗരമാലിന്യം നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും തൊടുപുഴ നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കുകയും പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.