 
ചെറുതോണി: അമിത വേഗതിയിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജുവിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബിജു ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി തടിയമ്പാട് വിമലഗിരി റോഡിലായിരുന്നു അപകടം. ബിജു തടിയമ്പാട് പോയി വീട്ടുസാധനങ്ങൾ വാങ്ങി തിരികെ സ്‌കൂട്ടറിൽ വരുമ്പോൾ എതിരെ മെറ്റലുമായി അമിത വേഗത്തിൽ വന്ന ടിപ്പറിന്റെ പിൻഭാഗം തട്ടി വീഴുകയായിരുന്നു. അപകടത്തിൽ അബോധാവസ്ഥയിലായി പോയ ബിജുവിനെ ടിപ്പർ ഡ്രൈവർ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ടിപ്പർ ഡ്രൈവർ ആശുപത്രിയിൽ പറഞ്ഞത് വഴിയിൽ സ്‌കൂട്ടർ മറിഞ്ഞു വീണ് കിടക്കുകയായിരുന്നെന്നാണ്. ബോധം തെളിഞ്ഞശേഷം ടിപ്പർ തട്ടിയാണ് താൻ വീണതെന്ന് ബിജു പറഞ്ഞതോടെയാണ് ആശുപത്രി അധികൃതരും വീട്ടുകാരും വിവരം അറിഞ്ഞത്. സ്‌കൂൾ സമയത്തിന് മുമ്പ് ലോഡ് എത്തിക്കാനുള്ള തത്രപ്പാടിൽ വീതി കുറഞ്ഞ റോഡിലുണ്ടായ അപകടം ടിപ്പർ ഉടമകൾ മറച്ചുവച്ചതായും ബിജു പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചശേഷം ഇവർ തിരിഞ്ഞു നോക്കിയിട്ടില്ലന്നും ബിജു പറയുന്നു. കാലിന് പരിക്കേറ്റ യുവാവ് മൂന്നു മാസത്തിലധികം വിശ്രമ ജീവിതം നയിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പെൺകുട്ടികൾ മാത്രമുള്ള കൂലിപ്പണിക്കാരനായ ബിജു ദൈനംദിന ചെലവിനു പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. പൊലീസിൽ ഇന്റിമേഷൻ കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ ബിജുവിനെ നിർബന്ധമായി ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.. ഇത് സംബന്ധിച്ച് ബിജുവിന്റെ കുടുംബം ഇടുക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.