joseph
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയലിനെയും മറ്റ് ഭാരവാഹികളെയും പി.ജെ. ജോസഫ് എം.എൽ.എ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു

തൊടുപുഴ: കോലാനി- വെങ്ങല്ലൂർ ബൈപ്പാസിലെ അപകടം കുറയ്ക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. തൊടുപുഴയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിനും ഭാരവാഹികൾക്കും നൽകിയ സ്വീകരണത്തിലാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്. കോലാനി- വെങ്ങല്ലൂർ ബൈപ്പാസിൽ പ്രത്യേകിച്ച് മണക്കാടിന് തിരിയുന്ന മുല്ലയ്ക്കൽ ജംഗ്ഷനിൽ എന്നും അപകടം പതിവാണ്. അതിന് പ്രധാന കാരണം ആ ഭാഗത്ത് റോഡിന് വീതി ഇല്ലാത്തതും വെളിച്ചകുറവുമാണെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എയെ അറിയിച്ചു.
ഇതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണമെന്ന് അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹൈമാക്സ് ലൈറ്റ് വേണ്ട സ്ഥലത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികൾക്ക് എം.എൽ.എ ഉറപ്പുനൽകി. ബാലറ്റിലൂടെ അധികാരത്തിൽ വന്ന രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ്, വർക്കിംഗ് പ്രസിഡന്റ്, സാലി എസ്. മുഹമ്മദ്, ട്രഷറർ പി.കെ. അനിൽകുമാർ, സെക്രട്ടറിയേറ്റങ്ങളായ ഷെരീഫ് സർഗം, നാസർ സൈര, ജോസ് കളരിക്കൽ, കെ.പി. ശിവദാസ്, ഷിയാസ് എം.എച്ച്, ഗോപു ഗോപൻ, ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർക്ക് പൂച്ചെണ്ട് നൽകി എം.എൽ.എ സ്വീകരിച്ചു.