തൊടുപുഴ: കഴിഞ്ഞ നാല് മാസമായി പട്ടിണിയിൽ കഴിയുന്ന കേരളത്തിലെ സ്‌കൂൾ പാചക തൊഴിലാളികൾ പ്രക്ഷോഭത്തലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് സ്‌കൂളുകളിൽ പാചക തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമര പരിപാടികളിലേക്ക് തൊഴിലാളികൾ നീങ്ങുമെന്ന് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ ജില്ലാ പ്രസിഡന്റ് കെ.പി. റോയി മുന്നറിയിപ്പ് നൽകി. 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന സർക്കാരിന്റെ നയം മാറ്റി 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നിലയിൽ തീരുമാനമെടുക്കണം. ആറ് വർഷം മുമ്പ് നിശ്ചയിച്ച വേതനമാണ് ഇന്നും നിലനിൽക്കുന്നത്. തൊഴിലാളികളുടെ വേതനം ഏറ്റവും കുറഞ്ഞത് 1000 രൂപയായി വർദ്ധിപ്പിക്കണം. മുപ്പതും നാൽപതും വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിരമിക്കൽ പ്രായമോ ആനുകൂല്യങ്ങളോ നാളിതുവരെ നിശ്ചയിച്ചിട്ടില്ല. തൊഴിലാളികൾക്ക് അർഹമായ വിരമിക്കൽ ഫണ്ടും മിനിമം 10,​000 രൂപ പെൻഷനും നൽകണം. യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഈ സമരത്തിൽ ജില്ലയിലെ മുഴുവൻ പാചക തൊഴിലാളികളും പങ്കെടുക്കണമെന്നും യുണിയൻ ജില്ലാ പ്രസിഡന്റ് കെ.പി. റോയി അവശ്യപെട്ടു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാന്റി സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ മേരി ജോർജ്,​ ജിൻസി ജോമോൻ, പി.എസ്. സുഭദ്ര, ലീല ഉണ്ണികൃഷ്ണൻ,​ ജൂണ സജി, ബീന സെബാസ്റ്റ്യൻ, രുഗ്മണി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.