vellakettu
കുമളി അതിർത്തിയിൽ പൊലീസ് സ്റ്റേഷന്റെയും ചെക്പോസ്റ്റിന്റെയും മുന്നിലുള്ള മാലിന്യ വെള്ളക്കെട്ട്‌

 പൊലീസ് സ്റ്റേഷനു മുമ്പിൽ മലിനജലം കെട്ടികിടക്കുന്നു

കുമളി: ദേശീയ പാതയിൽ കുമളി ചെക്പോസ്റ്റിനും പൊലീസ് സ്റ്റേഷനും മുന്നിൽ മലിനജലം കെട്ടിക്കിടക്കുന്നു.
ഒരു മഴ പെയ്താൽ ഇവിടെ കുളത്തിന് സമാനമായി വെള്ളക്കെട്ട് രൂപപ്പെടും. ഈ മലിനജലത്തിൽ ചവിട്ടി വേണം കേരളത്തിലും തമിഴ്നാട്ടിലുമെത്താൻ. തമിഴ്നാട് ബസ് സ്റ്റാൻഡ് ഭാഗത്തുള്ള മൂത്രപ്പുരയിലെ മാലിന്യങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് ഭാഗത്ത് നിന്ന് കുമളി ഭാഗത്തേക്കുള്ള റോഡിന്റെ ചെരിവാണ് പ്രശ്നത്തിന് കാരണം. ടൗണിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ ചെക്പോസ്റ്റിന് മുന്നിൽ ചപ്പാത്ത് നിർമിച്ചിട്ടുണ്ടെങ്കിലും സമീപമുള്ള ഓടയിലേക്ക് ജലനിർഗമന മാർഗം ഒരുക്കിയിട്ടില്ല. ചപ്പാത്തിന് സമീപം ഓടയിലേക്ക് വെള്ളം ഒഴുകുന്നതിന് ചപ്പാത്തിന്റെ ചെരിവ് ക്രമീകരിക്കാത്തതാണ് പ്രശ്നം. ചെക്പോസ്റ്റിന്റെ ഭാഗത്ത് മുട്ടോളം വെള്ളമുണ്ട്. എക്‌സൈസടക്കം വെള്ളക്കെട്ടിനെ ഭയന്ന് വാഹനങ്ങൾ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് മാറ്റിയാണ് വാഹന പരിശോധന നടത്തുന്നത്. അസഹനീയമായ ദുർഗന്ധമാണ് ഇവിടെ. പൊലീസ് സ്റ്റേഷന്റെ ഗേറ്റും ഈ വെള്ളക്കെട്ടിന് തൊട്ടടുത്താണുള്ളത്. പൊലീസും ഗേറ്റിന് മുന്നിൽ നിൽക്കാൻ പ്രയാസപ്പെടുകയാണ്. വഴി യാത്രക്കാരുടെ കാര്യമാണ് കൂടുതൽ ദുരിതം. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം ദേഹത്ത് വീഴാതെ രക്ഷപെടുന്നവർ ചുരുക്കമാണ്. ചെക്പോസ്റ്റ് കഴിഞ്ഞ് തമിഴ്നാട് ചപ്പാത്തും ഓടയും നിർമ്മിച്ചാലും പ്രശ്നം പരിഹരിക്കാനാകും.