vechile
ഹാൻഡ് ബ്രേക്ക് ഇടാതെ ഡ്രൈവർ വാഹനത്തിന്റെ ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിച്ചാൽ ഹാൻഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓർമ്മപ്പെടുത്തുന്ന ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തിൽ പ്രവർത്തനക്ഷമമാക്കുന്ന എം.വി.ഐ എൻ.കെ. ദീപുവും അടിമാലിയിലെ വർക്ക് ഷോപ്പ് ഉടമയും

അടിമാലി: നിറുത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുന്നത് നിത്യസംഭവമായ നമ്മുടെ നാട്ടിൽ അതിന് പ്രതിവിധിയുമായി ഒരു വെഹിക്കിൾ ഇൻസ്പെക്ടർ. അടിമാലി സബ് ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻപ്പെക്ടർ എൻ.കെ. ദീപുവും സുഹൃത്തുക്കളും ചേർന്നാണ് പാർക്കിംഗ് ബ്രേക്ക് എന്ന നൂതന സംവിധാനം വികസിപ്പിച്ചത്. ഹാൻഡ് ബ്രേക്ക് ഇടാതെ വാഹനം നിർത്തിയിട്ടാൽ, പ്രത്യേകിച്ചും ചരിവുള്ള പ്രദേശങ്ങളിൽ, വാഹനം ഉരുണ്ട് പോയി അപകടം സംഭവിക്കാൻ സാധ്യതയേറെയാണ്. ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാണിംഗ് നൽകുന്ന സംവിധാനം എല്ലാ വാഹനത്തിലും ഉണ്ട്. എന്നാൽ ഹാൻഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവർത്തനക്ഷമമാക്കാതെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയാൽ വാണിംഗ് നൽകുന്ന സംവിധാനം ഒരു വാഹനത്തിനും ഘടിപ്പിച്ചിട്ടുള്ളതായി കാണുന്നില്ല. അത്തരം ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പല അപകടങ്ങളും ഒഴിവാകുമായിരുന്നേനെ എന്നുള്ള ഒരു ആശയത്തിൽ നിന്നാണ് ഈ പുതിയ സംവിധാനം ഉടലെടുത്തത്. ഈ പുതിയ സംവിധാനത്തിൽ ഹാൻഡ് ബ്രേക്ക് ഇടാതെ ഡ്രൈവർ വാഹനത്തിന്റെ ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിച്ചാൽ ഹാൻഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓർമ്മപ്പെടുത്തുന്ന ഒരു ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തിൽ പ്രവർത്തനക്ഷമമാകും. ഡ്രൈവർ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവർത്തനക്ഷമമാക്കിയാൽ മാത്രമേ ഈ വാണിംഗ് നിലയ്ക്കുകയുള്ളു. അതുകൊണ്ടുതന്നെ ചരിവുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ടാൽ ഉരുണ്ടുപോയി അപകടം ഉണ്ടാകുന്നത് തടയാൻ ഈ സംവിധാനം വഴി സാധ്യമാകും. ചില പാസഞ്ചർ വാഹനങ്ങളുടെ ഡ്രൈവർമാർ യാത്രക്കാർ വാഹനത്തിൽ ഉള്ളപ്പോൾ എയർകണ്ടീഷൻ ഉണ്ടെങ്കിൽ വാഹനം ഓഫ് ചെയ്യാതെ തന്നെ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങുന്ന സാഹചര്യങ്ങൾ സാധാരണയാണ്. ചരിവുള്ള റോഡിലാണ് ഈ വാഹനം നിർത്തിയിട്ടതെങ്കിൽ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഹാൻഡ് ബ്രേക്ക് ഇടാതെ ആണ് പുറത്തിറങ്ങുന്നത് എങ്കിൽ ഒരു വലിയ അപകടം തന്നെ നടന്നേക്കാം. ഇതിനെല്ലാം ഒരു പരിഹാരമാണ് ഈ പുതിയ സംവിധാനം. ലളിതമായ പ്രക്രിയയിലൂടെ ഈ സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കാനാകുമെന്ന് ദേവികുളം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒട്ടുമിക്ക വർക്ക്‌ഷോപ്പുകളിലും ഇതിനുള്ള സൗകര്യവും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.

പാർക്കിംഗ് ബ്രേക്ക് എന്ത്

വാഹനം പാർക്ക് ചെയ്യുമ്പോൾ നിശ്ചലമായി നിലനിർത്താൻ സഹായിക്കുന്നതിനാണ് പാർക്കിംഗ് ബ്രേക്ക് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റമുള്ള ഭൂരിഭാഗം വാഹനങ്ങളിലെയും പാർക്കിംഗ് ബ്രേക്ക് ഇപ്പോഴും പൂർണ്ണമായും മെക്കാനിക്കൽ ആണ്. പ്ലാറ്റ്‌ഫോമിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ലിവർ വലിക്കുന്നതിലൂടെ കേബിളുകൾ വാഹനത്തിന്റെ പിൻചക്രത്തിലെ ബ്രേക്കിനെ പ്രവർത്തിപ്പിച്ച് ചലന രഹിതമാക്കുന്നു. ഇത്തരം പാർക്കിംഗ് ബ്രേക്കിന് മെക്കാനിക്കൽ സ്വഭാവം ആയത് കൊണ്ട് പ്രധാന ഹൈഡ്രോളിക് ബ്രേക്‌സിസ്റ്റം പരാജയപ്പെട്ടാലും, കുറഞ്ഞ വേഗതയിലാണെങ്കിൽ വാഹനം സുരക്ഷിതമായി നിർത്താൻ ഡ്രൈവറെ സഹായിക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങൾ എപ്പോൾ നിർത്തിയിട്ടാലും, കയറ്റത്തിലാണെങ്കിൽ ഫസ്റ്റ് ഗിയറിലും ഇറക്കത്തിൽ ആണെങ്കിൽ റിവേഴ്‌സ് ഗിയറിലും ഇടുകയും ഒപ്പം തന്നെ ഹാൻഡ് ബ്രേക്ക് ലിവർ മുകളിലേക്ക് വലിച്ച് പാർക്കിംഗ് ബ്രേക്ക് പ്രവർത്തനക്ഷമമാക്കുകയും വേണം. ഗിയറിൽ മാത്രം ഇട്ട് (പ്രത്യേകിച്ച് തേഡ് / ഫോർത്ത് ഗിയറുകളിൽ) പാർക്കിംഗ് ബ്രേക്ക് ഇടാതെ വാഹനം നിർത്തിയിടുന്നത് സുരക്ഷിതമായിരിക്കില്ല.