gopi
എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയനിലെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു സമീപം

പീരുമേട്: മലയാളി വിദ്യാർത്ഥികൾ കേരളത്തിലെ വിദ്യാഭ്യാസമേഖലകൾ ഉപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക്‌ പോകുന്നത് നമ്മുടെ കോളേജുകളുടെ പ്രവർത്തനം മന്ദീഭവിക്കുവാൻ കാരണമാകുന്നതായി എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റും ശ്രീനാരായണ ട്രസ്റ്റ് പാമ്പനാർ ആർ.ഡി.സി കൺവീനറുമായ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയനിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ കുറവുമൂലം പല എയ്ഡഡ്‌ കോളേജുകളും പൂട്ടിക്കഴിഞ്ഞു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മുമ്പ് കുട്ടികൾ കോളേജ് പ്രവേശനത്തിന് വേണ്ടി വളരെ ബുദ്ധിമുട്ടിയിരുന്നെങ്കിൽ ഇന്ന് കോളേജ് അധികൃതർ കുട്ടികളെ അന്വേഷിച്ച് അവരുടെ വീടുകളിലേക്ക് എത്തേണ്ട സ്ഥിതിയാണ്. കൂടുതൽ കുട്ടികളും വിദേശങ്ങളിലേക്ക് പോകാനാണിഷ്ടപ്പെടുന്നത്. ഇതുകാരണം പല കോളേജുകളിലും വിദ്യാർത്ഥികളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാലൻ, വൈസ് പ്രസിഡന്റ് പ്രവീൺ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി സിന്ധു വിനോദ് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ മെമന്റോ നൽകി യോഗം ആദരിച്ചു.