 
നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശാഖായോഗ നേതൃസംഗമവും വിജയോത്സവവും യുവജനങ്ങൾക്കായി യുവജ്വാലയും നടത്തി. എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബാലജന യോഗത്തിൽ പങ്കെടുത്ത് ഗുരുദേവ ധർമത്തിൽ അധിഷ്ഠിതമായി ജീവിച്ച് മാതാപിതാക്കളെ അംഗീകരിച്ച് വളർന്നുവന്ന കൂട്ടികൾക്കാണ് വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞതെന്നും സമൂഹത്തിന് മാതൃകയായി വളർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. മോട്ടിവേഷൻ ട്രെയ്നർ ടി.ആർ. ശരത് ക്ലാസെടുത്തു. തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തും എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗങ്ങളിലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ഉപഹാരവും നൽകി. തുടർന്ന് സമൂഹത്തിലെ അടിയന്തര സാഹചര്യങ്ങളിൽ സഹായ സേവനങ്ങൾ നൽകുന്നതിനായി ശ്രീനാരായണ മോറൽ ആക്ഷൻ റെസ്പോൺസ് ടീം (സ്മാർട്ട്) എന്ന പേരിൽ ഒരു സന്നദ്ധ സേന രൂപീകരിക്കുകയും കുടുംബാംഗങ്ങൾക്ക് വേണ്ടി വിവിധ സേവന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എൻ. ജയൻ, സി.എം. ബാബു, മധു കമലാലയം, സുരേഷ് ചിന്നാർ, ശാന്തമ്മ ബാബു, വനിതാ സംഘം പ്രസിഡന്റ് മിനി മധു, വൈസ് പ്രസിഡന്റ് കെ.ആർ. ഷിജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വൈസ് പ്രസിഡന്റ് സനീഷ്, സെക്രട്ടറി അജീഷ് കല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.