മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടിയതായി ആരോപണം. ഹബ്ബിനോട് ചേർന്നുള്ള മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങൾ മുറിച്ച് ലോറിക്ക് കൊണ്ടുപോകാനാണ് ടൂറിസം ഹബ്ബിന്റെ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടിയത്. മലങ്കര ടൂറിസം ഹബ്ബിനെയും മലങ്കര എസ്റ്റേറ്റിനെയും അതിര് തിരിക്കുന്ന കയ്യാല ടിപ്പർ ലോറിക്ക് കടന്ന് പോകാൻ വിധത്തിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും എം.വി.ഐ.പിയുടെ ഉടമസ്ഥതയിലുള്ള തേക്കിന്റെ മരത്തിന് നാശവും വരുത്തിയിട്ടുണ്ട്. മലങ്കര അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശത്താണ് അനധികൃതമായി വഴി വെട്ടിയിരിക്കുന്നത്. കൂടാതെ ടൂറിസം ഹബ്ബിലേക്കും അതിനോട് അനുബന്ധിച്ചുള്ള ചുറ്റ് പ്രദേശങ്ങളിലേക്കും അനധികൃതമായി ആളുകൾ പ്രവേശിക്കാതിരിക്കാൻ മതിൽ കെട്ടിയിട്ടുമുണ്ട്. അതീവ സുരക്ഷ മേഖലയായി സംരക്ഷിക്കുന്ന ഭൂമിയിലാണ് ഇത്തരത്തിലുള്ള അനധികൃത പ്രവൃത്തി നടക്കുന്നത്. മലങ്കര അണക്കെട്ടിന്റെയും ടൂറിസം ഹബ്ബിന്റെയും സമീപത്ത് കുടിൽ കെട്ടി താമസിക്കുന്ന ആളുകൾക്കും അവരുടെ കുടുംബക്കാർക്കും ഇത് വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുള്ളപ്പോഴാണ് സ്വകാര്യ വ്യക്തികളുടെ കടന്ന് കയറ്റം. സുരക്ഷാ മേഖലയായി സംരക്ഷിക്കുന്ന സർക്കാർ ഭൂമിയിലേക്ക് അനധികൃതമായി വഴിവെട്ടി തേക്ക് മരത്തിന് നാശം സംഭവിച്ചിട്ടും എം.വി.ഐ.പി അധികൃതർ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

'മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നത്. മരങ്ങൾ മുറിച്ച് നീക്കം ചെയ്യാൻ പുറംകരാർ നൽകിയിരിക്കുകയാണ്. മുറിക്കുന്ന മരങ്ങൾ ടൂറിസം ഹബ്ബിന്റെ റോഡിലൂടെ ലോറിയിൽ കൊണ്ട് പോകുന്നതിന് എം.വി.ഐ.പിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്."
-മലങ്കര എസ്റ്റേറ്റ് മാനേജർ റോയി

'മലങ്കര ടൂറിസം ഹബ്ബിന്റെ റോഡിലൂടെ മരങ്ങൾ ലോറിയിൽ കൊണ്ടുപോകുന്നതിന് വാക്കാൽ അനുമതി നൽകിയിരുന്നു. ടിപ്പർ ലോറിയ്ക്ക് കടന്ന് പോകാൻ വിധത്തിൽ കയ്യാല ഇടിച്ച് നിരത്തുകയും മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി അറിഞ്ഞപ്പോൾ വാക്കാൽ നൽകിയ അനുമതി പിൻവലിച്ചു."

-എം.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനിയർ രജിത