ബൈപ്പാസ് കവാടത്തിലെ കെട്ടിടം പൊളിക്കും

തൊടുപുഴ: നഗരത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന തൊടുപുഴയിലെ എട്ടാമത്തെ ബൈപ്പാസായ കോലാനി- വെങ്ങല്ലൂർ റിവർവ്യൂ റോഡിന്റെ തടസങ്ങൾ നീങ്ങുന്നു. പ്രവേശനകവാടത്തിലെ തർക്കത്തിൽ നിന്നിരുന്ന കെട്ടിടം പൊളിക്കാൻ തീരുമാനമായതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം മാത്രല്ലടൂറിസം രംഗത്ത് നഗരത്തിൽ വേറിട്ട ഒരു ഇടവുമായി മാറുകയാണ് പുഴയോരം ബൈപ്പാസ്. ഇന്നലെ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ മിനിസിവിൽ സ്റ്റേഷനിൽ നടന്ന ഹിയറിംഗിലാണ് കെട്ടിടം ഏറ്റെടുക്കാനും പണം അനുവദിക്കാനും തീരുമാനിച്ചത്. സ്ഥലമേറ്റെടുത്ത് 27 ലക്ഷം രൂപ ഉടമയ്ക്ക് നൽകാനാണ് തീരുമാനമായത്. തൊടുപുഴ- പാലാ റൂട്ടിൽ നിന്ന് പുഴയോരം ബൈപ്പാസിലേക്കുള്ള പ്രവേശന കവാടത്തിന് മുൻവശത്ത് തടസമായി നിൽക്കുന്ന കെട്ടിടമാണ് പൊളിച്ചു നീക്കുക. കഴിഞ്ഞ വർഷം ജൂലായിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുലർച്ചെ ഇവിടത്തെ കെട്ടിടങ്ങൾ പൊളിക്കാൻ ശ്രമിച്ചത് സ്ഥലമുടകളുടെയും എസ്.എൻ.ഡി.പി യോഗം പ്രവർത്തകരുടെയും നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇടത് വശത്തെ കെട്ടിടം പൊളിച്ചുനീക്കാതെ വലത് വശത്തെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതായിരുന്നു പ്രശ്നത്തിന് കാരണം. തുടർന്ന് നിരവധി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. ഏറെ നാളായുള്ള തർക്കത്തിനാണ് ഇന്നലെ പരിഹാരമായത്.

. വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, ഡെപ്യൂട്ടി തഹസിൽദാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, റിവർവ്യൂ റോഡ് സംരക്ഷണ സമിതി അംഗങ്ങൾ തുടങ്ങിയവർ ഹിയറിംഗിൽ പങ്കെടുത്തു.

'തൊടുപുഴ- പാലാ റോഡിലുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിലൂടെ ഇവിടത്തെ ഗതാഗത കുരുക്കിനും പരിഹാരമാകും. പുഴയോരത്തിന്റെ ഇരുവശങ്ങളിലും ചെടികളും മരങ്ങളും വച്ച് പിടിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കും ഉടൻ തുടക്കമാകും.'

സനീഷ് ജോർജ്

ചെയർമാൻ

തൊടുപുഴ നഗരസഭ

തൊടുപുഴയുടെ എട്ടാമത്തെ ബൈപ്പാസ്

കോലാനി- വെങ്ങല്ലൂർ ബൈപാസിൽ വെങ്ങല്ലൂർ പാലത്തിന്റെ സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ- പാലാ റോഡിൽ ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് നഗരത്തിലെ ടൂറിസം വികസനത്തിനും നഗര സൗന്ദര്യത്തിനും ഉപകരിക്കുന്ന പുഴയോര ബൈപാസ്. പദ്ധതിയിൽ വിഭാവന ചെയ്ത പോലെ പ്രഭാത സവാരിക്കാർക്കായി പുഴയോരത്ത് കൂടി രണ്ടു മീറ്റർ വീതിയിൽ ജോഗിംഗ് ട്രാക്ക്, ഹാൻഡ് റെയിലുകൾ, അലങ്കാര സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയും നിർമ്മിക്കാനായില്ല. പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് തടസം. 50 ലക്ഷം രൂപ കൂടി അനുവദിച്ചാൽ ഇവ കൂടി നിർമ്മിക്കാനാകും. ഇതോടെ തൊടുപുഴയിലെ എട്ടാമത്തെ ബൈപാസായി റിവർവ്യൂ റോഡ് മാറും. നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതോടൊപ്പം നാട്ടുകാർക്ക് വ്യായാമത്തിനും വിനോദത്തിനും ഈ ബൈപ്പാസ് ഉപയോഗപ്രദമാകും. 6.62 കോടി രൂപ ചെലവിൽ 1.62 കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപാസിന് 12 മീറ്റർ വീതിയാണുള്ളത്.