കട്ടപ്പന: ഇരട്ടയാറ്റിൽ പോക്‌സോ കേസിലെ അതിജീവതയുടെ ദുരൂഹ മരണത്തിൽ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന് പുറത്തായിരുന്ന ഇയാളെ കട്ടപ്പന പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. രണ്ടു വർഷം മുൻപാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കേസ് നടന്നു വരുന്നതിനിടെയാണ് യുവതി മരിച്ചത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.