
ചെറുതോണി: ജീവനക്കാർക്കും അദ്ധ്യാപകർക്കും ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽസമരമുഖത്ത് ഒറ്റക്കെട്ടായി അണിചേരണമെന്നും യോജിച്ച പോരാട്ടം അനിവാര്യമാണെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ പറഞ്ഞു.ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം പൈനാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂലായ് ഒന്നിന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും വലിയ വിജയമാക്കണമെന്നും ജീവനക്കാർ സംഘടന വ്യത്യാസമില്ലാതെ രംഗത്തിറങ്ങണമെന്നും സന്തോഷ് കുമാർ പറഞ്ഞു. മേഖലാ പ്രസിഡന്റ് എൻ.കെ. സജൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മേഖലാ കമ്മിറ്റി അംഗം ദീപു സണ്ണി സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി. സാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് എ, മേഖലാ സെക്രട്ടറി കെ.എ. രതീഷ്, ട്രഷറർ ജോൺസൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.