ചെറുതോണി: നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇടുക്കിയുടെ അഭിമാനതാരങ്ങളായി വൃന്ദാ രാജനും ആദിത്യാ ലക്ഷ്മിയും കെ. ബാലനന്ദയും. സബ് ജൂനിയർ മത്സര വിഭാഗത്തിലാണ് മൂവരും നേട്ടം കൊയ്തത്. 70 കിലോഗ്രാം വിഭാഗത്തിൽ ലെഫ്‌റ്റ് ഹാൻഡ് മത്സരത്തിൽ വെള്ളി മെഡലും റെറ്റ് ഹാൻഡിൽ വെങ്കലവും നേടിയ വൃന്ദാ രാജൻ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെറുതോണി പുതുവൽക്കരക്കാട്ട് പുത്തൻവീട്ടിൽ രാജന്റെയും രശ്മിയുടെയും മകളായ വൃന്ദ ഭൂമിയാങ്കുളം നിവാസികളായ ലാലുവിന്റെയും ജിൻസിയുടെയും കീഴിലാണ് പഞ്ചഗുസ്തി പരിശീലിച്ചത്. 60 കിലോ വിഭാഗത്തിൽ റൈറ്റ് ഹാൻഡിൽ വെള്ളിയും ലെഫ്‌റ്റ് ഹാൻഡിൽ വെങ്കലവും നേടിയാണ് ആദിത്യ ലക്ഷ്മി വിജയം വരിച്ചത്. കഞ്ഞിക്കുഴി നിവാസിയായ ദീപുവിന്റെയും അമൃതയുടെയും മകളായ ആദിത്യ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പോൾ ജോർജ്ജിന്റെ കീഴിലാണ് പരിശീലനം നേടിയത്. 45 കിലോ ഗ്രാം വിഭാഗത്തിൽ റെറ്റ് ഹാൻഡിൽ കെ. ബാലനന്ദ വെങ്കല മെഡൽ നേടി. ഇടുക്കി ടെലികമ്മ്യൂണിക്കേഷൻ സബ് ഇൻസ്‌പെക്ടർ ബൈജു ബാലിന്റെയും ജില്ലാ ആശുപത്രിയിൽ ഫിസിയോതൊറാപ്പിസ്റ്റായി ജോലി നോക്കുന്ന കാർത്തികയുടെയും മകളായ ബാലനന്ദ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.