തൊടുപുഴ: അന്യസംസ്ഥാനക്കാരായ കുട്ടികളെ കേരളത്തിലെ പഠനസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായിക്കുന്നതിന് ട്രയിനിഗ് സെന്ററുകൾ വരുന്നു. ഇതിനായി ജില്ലയിൽ 30 സ്‌പെഷ്യൽ ട്രെയിനിംഗ് സെന്ററുകൾ സജ്ജമായത്. തോട്ടം മേഖലയിലും നിർമ്മാണ മേഖലയിലും കുറച്ച് കാലത്തേക്ക് മാത്രം പണിയെടുക്കുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായാണ് സെന്റർ. അന്യസംസ്ഥാനക്കാരായ തൊഴിലാളികളും അവരുടെ കുട്ടികളും കുറച്ച് നാൾ മാത്രമാണ് ഇവിടെ തങ്ങുന്നത്. പിന്നെ അവർ മടങ്ങുകയും ചെയ്യും. ഇങ്ങനെയുള്ളവരുടെ കുട്ടികൾക്കാണ് സ്‌പെഷ്യൽ ട്രെയിനിംഗ് സെന്ററുകൾ സഹായകമാകുക. തൊഴിലാളികളുടെ ലയങ്ങൾക്കടുത്തായും മറ്റുമാണ് സെന്ററുകൾ. സ്ഥിരമായി താമസിക്കുന്ന കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസവും ഉറപ്പാക്കുന്നുണ്ട്. പല തോട്ടങ്ങളിലുമെത്തുന്ന തൊഴിലാളികൾ കുറഞ്ഞ നാൾമാത്രം താമസിച്ച് അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. പീരുമേട് അടക്കമുള്ള തോട്ടം മേഖലയിൽ ഇതാണ് കണ്ട് വരുന്നത്. ഇത്തരത്തിൽ ഇടുക്കിയിൽ പശ്ചിമബംഗാൾ, ബീഹാർ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കുട്ടികളുണ്ട്. ഇവരിൽ ഭൂരിപക്ഷവും പഠനഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളമാണ്. തമിഴ് ഭാഷകൾ തിരഞ്ഞെടുത്തവരുമുണ്ട്. എന്നാൽ ഇടയ്ക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതോടെ ഈ പഠനം പൂർണമാക്കാനോ പിന്നീട് പ്രയോജനപ്പെടുത്താനോ കഴിയാതെ വരുന്നു. ഇത് പരിഹരിക്കാൻ സെന്ററുകളിൽ റെയിൻബോ എന്ന കൈപ്പുസ്തകവും ഇറക്കുന്നുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്കാണ് കൈപ്പുസ്തകത്തിൽ മുൻതൂക്കം.

വാളന്റിയറുടെ

സേവനം നൽകും

15 കുട്ടികൾക്ക് മുകളിലുള്ള സ്ഥലങ്ങളിൽ ഒരു സെന്റർ രൂപീകരിച്ച് അവിടെ വോളണ്ടിയറെ വയ്ക്കും. നാളുകളായി പഠിക്കുന്നവരെ സ്‌കൂളിൽ തന്നെ ചേർക്കും. അല്ലാത്തവരെ പ്രത്യേക സെന്ററിലിരുത്തി പഠിപ്പിക്കും. അവർക്ക് സ്‌പെഷ്യൽ ട്രൈയിനിംഗ് നൽകും. സമഗ്രശിക്ഷാ കേരളയുടെ (എസ്.എസ്.കെ) കീഴിൽ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരാണ് ഈ കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്നത്.

ജില്ലയിൽ 1080 കുട്ടികൾ

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1080 കുട്ടികളാണ് ജില്ലയിൽ പഠിക്കുന്നത്. പീരുമേട് ബി.ആർ.സിയ്ക്ക് കീഴിലാണ് ഏറ്റവും കൂടുതൽ കുട്ടികളുള്ളത്- 435. ഏറ്റവും കുറവാണ് കരിമണ്ണൂരിൽ- 32. തൊടുപുഴ- 35, അറക്കുളം- 29, മൂന്നാർ- 306, നെടുങ്കണ്ടം- 65, അടിമാലി- 34, കട്ടപ്പന- 144 എന്നിവയാണ് മറ്റ് ബി.ആർ.സികളിലെ കുട്ടികളുടെ എണ്ണം. ആസാം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒറീസ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവർ.