kalisamy
അടിമാലി പതിന്നാലാം മൈലിനടുത്തുണ്ടായ വലിയ മണ്ണിടിച്ചിൽ അകപ്പെട്ട തൊഴിലാളി കാളിസ്വാമിയെ രക്ഷപ്പെടുത്തുന്നു

അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാത നിർമ്മാണത്തിനിടെ അടിമാലി പതിന്നാലാം മൈലിനടുത്തുണ്ടായ വലിയ മണ്ണിടിച്ചിൽ അകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അടിമാലിയ്ക്കും വാളറയ്ക്കുമിടയിൽ ദേശീയപാതയ്ക്കരികിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികൾ അകപ്പെട്ടത്. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോസ്, തെങ്കാശി സ്വദേശി കാളിസ്വാമി എന്നിവരാണ് മണ്ണിനടിയിലായത്. ഇതിൽ കാളിസ്വാമി പൂർണ്ണമായി തന്നെ മണ്ണിനടിയിൽപ്പെട്ടിരുന്നു. അപകടം നടന്ന ഉടൻ സമീപവാസികളും മറ്റ് നിർമ്മാണതൊഴിലാളികളും ദേശീയപാതയിലൂടെയെത്തിയ വിനോദ സഞ്ചാരികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഇടിഞ്ഞ് വീണ മണ്ണ് നീക്കി കാളിസ്വാമിയുടെ തല പുറത്തെടുത്തു. ഏകദേശം 15 മിനിട്ടുകൊണ്ട് രണ്ട് തൊഴിലാളികളെയും പൂർണമായും മണ്ണിൽ നിന്ന് പുറത്തെടുത്തു. ഇതിന് ശേഷമാണ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയത്. തൊഴിലാളികൾക്ക് സാരമായ പരിക്കില്ലെങ്കിലും ഇരുവരെയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ കൂടുതൽ മണ്ണിടിയുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്ന ജോലികൾ നടന്ന് വരുന്നുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഓടനിർമ്മാണം നടക്കുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ഉയർന്ന ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് കുത്തനെ മണ്ണിടിച്ചെടുത്ത ഭാഗത്താണ് ഇപ്പോൾ അപകടമുണ്ടായത്. ഈ ഭാഗത്ത് മഴ പെയ്യുമ്പോൾ കൂടുതൽ മണ്ണിടിയാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.