കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി 13, 14 തീയതികളിൽ പരിശോധന നടത്തും. മഴക്കാലം കനക്കുന്നതിന് മുൻപ് രണ്ട് ദിവസങ്ങളലായി വിശദമായ പരിശോധനയാണ് സമിതി ലക്ഷ്യമിടുന്നത്.സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാൻ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള ഇറിഗേഷൻ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗീസ്, തമിഴ്നാടിന്റെ ഉന്നത ഉദ്യോഗസ്ഥരായ സന്ദീപ് സക്‌സേന, സുബ്രഹ്മണ്യൻ എന്നിവർ സംഘത്തിലുണ്ടാവും.
2023 മാർച്ച് 27 നാണ് ഇതിന് മുൻപ് ഉന്നതാധികാര സമിതി അണക്കെട്ടിലെത്തിയത്. പ്രധാന ഡാമിന് ബലക്ഷയമില്ലെന്ന് സുപ്രിം കോടതി വിധിയുണ്ടെങ്കിലും അണക്കെട്ടിൽ വിശദമായ പരിശോധന ഉണ്ടാവും. ബേബി ഡാം, പ്രധാന ഡാമിനും ബേബി ഡാമിനും ഇടയിലുള്ള എർത്ത് ഡാം എന്നിവിടങ്ങളിൽ വിശദമായ പരിശോധന ഉണ്ടായേക്കും. തമിഴ്നാട് ആവശ്യപ്പെടുന്നതും ലക്ഷ്യമിടുന്നതും എർത്ത് ഡാം, ബേബി ഡാം എന്നിവ ബലപ്പെടുത്തുകയെന്നതാണ്. എർത്ത് ഡാം ബലപ്പെടുത്തുന്നതിന് ഏതാനും മരങ്ങൾ മുറിച്ച് മാറ്റണമെന്ന് തമിഴ്നാട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമിതിക്ക് മുന്നിൽ എർത്ത് ഡാം ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മരങ്ങൾ മുറിച്ചു മാറ്റേണ്ടതും തമിഴ്നാട് ശക്തമായി ഉന്നയിക്കും. വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള മണ്ണ് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നതും തമിഴ്നാടിന്റെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. എർത്ത് ഡാമിലെ മരങ്ങൾ മുറിച്ച് മാറ്റാൻ കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. വിവാദമായപ്പോൾ ഈ അനുമതി പിൻവലിച്ചത് വീണ്ടും വിവാദമാകുകയും തമിഴ്നാട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജലനിരപ്പ് 119.5 അടി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ചൊവ്വാഴ്ച്ചത്തെ ജലനിരപ്പ് 119.5 അടിയാണ്. അണക്കെട്ടിലേയ്ക്ക് സെക്കൻഡിൻ 507 ഘനയടി വെളളം ഒഴുകി എത്തുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും 507 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിൽ 5 മില്ലിലിറ്ററും തേക്കടിയിൽ 2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 152 അടിയായി നിശ്ചയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോൾ കുറവാണ് ലഭിക്കുന്നത്.