തൊടുപുഴ: റിവർവ്യൂ ബൈപ്പാസിന്റെ ആരംഭ ഭാഗത്തെ കെട്ടിടം ഉടൻ പൊളിച്ചു മാറ്റുമെന്ന മുൻസിപ്പൽ ചെയർമാന്റെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. .കഴിഞ്ഞ ദിവസം നടന്ന യോഗം റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ആദ്യഭാഗം മാത്രമാണ്. റോഡിന്റെ ആരംഭ ഭാഗത്ത് പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന വസ്തു നഷ്ടപരിഹാരം നൽകിയാൽ വിട്ട് തരാമെന്ന് വസ്തു ഉടമസ്ഥന്റെ സമ്മതപത്രം ഒരു വർഷം മുമ്പ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ വസ്തു ഏറ്റെടുക്കുന്നതിന് പി ജെ ജോസഫ് എംഎൽഎ സർക്കാരിൽ നിവേദനം നൽകി. നിരവധി തവണ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 27 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പുതിയ വസ്തു ഏറ്റെടുക്കാൻ നിയമപ്രകാരം ഏതെങ്കിലും വസ്തു ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ നടപടി സാമൂഹിക ആഘാത പഠനം നടത്തുക എന്നുള്ളതാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം ആരായണം. പൊതുവായ നോട്ടീസ് പുറപ്പെടുവിക്കണം. ഈ നടപടിയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. റിവർവ്യൂ റോഡിന്റെ ആരംഭ ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുടെ 90 ശതമാനം ഇനിയും പൂർത്തിയാകാതിരിക്കെ വസ്തു ഏറ്റെടുത്ത് കെട്ടിടം ഉടൻ പൊളിക്കും എന്നുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.