കുമളി: അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയ്ക്ക് വികസനക്കുതിപ്പേകുന്ന ഡിണ്ടിഗൽ- കുമളി നാലുവരിപ്പാത യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി. 3000 കോടിയുടെ ഹൈടെക് റോഡിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി തന്നെ വീണ്ടും അതേ വകുപ്പിൽ ചുമതലയെടുത്തതോടെയാണ് പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്. ഡിണ്ടിഗൽ- കൊട്ടാരക്കര ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗൽ മുതൽ കുമളി വരെയുള്ള റോഡ് നാല് വരിപ്പാതയാക്കാനുള്ള നടപടികളാണ് പുത്തൻ പ്രതീക്ഷകൾ നൽകുന്നത്. 133 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വികസനത്തിന് 3000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദേശീയപാത അതോറിട്ടി താമസിയാതെ ടെൻഡർ ക്ഷണിച്ചേക്കും. പ്രോജക്ട് റിപ്പോർട്ട്‌ തയ്യാറാക്കുന്നനതിനുള്ള ഏജൻസിയെ ഉടൻ നിയമിക്കും. റോഡ് വികസനം പൂർത്തിയാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും തേക്കടിയടക്കമുള്ള വിനോദ സഞ്ചാരികൾക്കും ഏറെ സമയ ലാഭവും യാത്രാ സൗകര്യവും ലഭിക്കും. ലോവർ ക്യാമ്പ് മുതൽ കുമളി വരെ ഇടുങ്ങിയതും കൊടുംവളവുകളുമുള്ള നിലവിലെ റോഡിൽ അപകട സാദ്ധ്യതകളേറെയാണ്. ശബരിമല തീർത്ഥാടന കാലത്ത് ഈ ഭാഗത്ത് വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഗതാഗതക്കുരുക്കും പതിവാണ്. പുതിയ റോഡ് നിർമ്മാണം സമയബന്ധിതമായി നടന്നാൽ അതിന് ശാശ്വത പരിഹാരംകൂടിയാകുമെന്ന പ്രതീക്ഷയാണുള്ളത്.

അടിപ്പാതകളും പാലങ്ങളും വരും

ഏറെ തിരക്കുള്ള തമിഴ്നാട്ടിലെ ചെമ്പട്ടി മധുരപ്പഴനി, ബോഡിനായ്ക്കന്നൂർ, ഉത്തമപാളയം റോഡുകൾക്ക് സമാന്തരമായി പാലങ്ങളും അടിപ്പാതകളും നിർമ്മിക്കും. തിരക്കുള്ള 26 ലധികം ജംഗ്ഷനുകൾ വിപുലീകരിക്കും. നാലുവരിപ്പാത വരുന്നതോടെ ഉൾപ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് നാനൂറിലധികം ഗ്രാമീണ റോഡുകളും വിപുലീകരിക്കും. നാലുവരിപ്പാതയിൽ ടോൾ പ്ളാസുകൾ ഉണ്ടാകും.

9000 മരങ്ങൾ

മുറിക്കേണ്ടിവരും

റോഡ് നിർമ്മാണത്തിനായി ഏകദേശം 9000 മരങ്ങൾ മുറിച്ച് നീക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. റോഡിന്റെ വശങ്ങളിലെ പുളി, പഞ്ഞിമരങ്ങൾ ഇതിൽ ഉൾപ്പെടുമെങ്കിലും ലോവർ ക്യാമ്പ് മുതൽ കുമളി വരെ ഏറെ മരങ്ങൾ നീക്കേണ്ടി വരും. ഈ ഭാഗം വനമേഖലയായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടെ വേണം.