road
കുട്ടിക്കാനം മുറിഞ്ഞ പുഴക്ക് സമീപം കൊടുംവളവിൽ ഇപ്പോഴും ടാർ വീപ്പയും ചുവപ്പ് റിബണും കെട്ടി മുന്നറിയിപ്പായി കെട്ടിയിരിക്കുന്നു

പീരുമേട്: സാധാരണ അപകട വളവുകളിൽ സംരക്ഷണമൊരുക്കി ക്രാഷ് ബാരിയറും മറ്റുമാണെങ്കിൽ ഇവിടെ വിചിത്രമാണ് കാര്യങ്ങൾ. കുട്ടിക്കാനം മുറിഞ്ഞ പുഴക്ക് സമീപം കൊടുംവളവിൽ ഇപ്പോഴും ടാർ വീപ്പയും ചുവപ്പ് റിബണും കെട്ടി അപകട സൂചനാ മുന്നറിയിപ്പ് നൽകുകയാണ്. ഇവിടെ ഏതാനും ആഴ്ചകൾക്ക് മുൻപ് കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.കാർ താഴേക്ക് മറിഞ്ഞപ്പോൾ ക്രാഷ് ബാരിയർ തകർത്താണ് താഴേക്ക് പല കരണം മറിഞ്ഞത്. ഈ ഭാഗത്ത് അതിനു ശേഷം വീണ്ടും രണ്ട് വാഹന അപകടങ്ങൾ ഉണ്ടായി.അപകടം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇവിടെ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ അപകട കെണിയായി മാറി. അപകടമുണ്ടായ റോഡിന്റെ ഈ ഭാഗങ്ങളിൽ റോഡിന് വീതി വളരെ കുറവാണ്. ഒരേ സമയം രണ്ട് വാഹനങ്ങൾ എതിർ ദിശകളിൽ നിന്ന് വന്നാൽ അപകട സാദ്ധ്യതയേറും. കുത്തനെയുള്ള ഇറക്കവും ചെങ്കുത്തായ കയറ്റവും ഏതു സമയവും അപകടമുണ്ടാകാനിടയാകുന്നു. വലിയ ചരക്ക് ലോറികൾ വളവ് വീശിയെടുക്കുമ്പോൾ നടുറോഡിൽ മറിയുന്നതും സാധാരണയാണ്. ഏറ്റവും പ്രാധാന്യമുള്ള കൊല്ലം-തേനി ദേശീയപാതപാതയുടെ ഭാഗമായതിനാൽ രാപ്പകൽ ഭേദമില്ലാതെ നിരന്തരം വാഹനങ്ങൾ ഇതുവഴി കടന്ന്പോകുന്നുണ്ട്.