ഉടുമ്പന്നൂർ: റോഡിൽ മാലിന്യം തള്ളിയ ആളിൽ നിന്ന് 5000 രൂപ പിഴയീടാക്കി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്. ഉപയോഗിച്ച ഡയപ്പറും സ്നഗിയും മെഡിക്കൽ വേസ്റ്റും റോഡിൽ ഉപേക്ഷിച്ച് പോയ കോതമംഗലം സ്വദേശിനിയിൽ നിന്നാണ് 5000 രൂപ പിഴ ഈടാക്കിയത്. കോതമംഗലത്ത് നിന്ന് ഉടുമ്പന്നൂർ വഴി കട്ടപ്പനയ്ക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശനിയാണ് യാത്രാമദ്ധ്യേ ഉപ്പുകുന്ന് പ്രദേശത്ത് റോഡിൽ മാലിന്യം ഉപേക്ഷിച്ച് പോയത്. പിന്നീട് ഇതുവഴി യാത്ര ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മാലിന്യനിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ സതീഷ് നാരായണന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് ആശുപത്രി ബില്ല് ലഭിച്ചു. ഇതിൽകണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ആളെ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരായി കർശന നടപടികൾ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ അറിയിച്ചു.