തൊടുപുഴ: ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്‌.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ ഫോറൻസിക്, ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ഇനിയും ലഭ്യമായില്ല. അതിനാൽ ഇന്നലെ കേസ് പരിഗണിച്ച തൊടുപുഴ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയ്ക്ക് സാക്ഷി വിസ്താരം ഷെഡ്യൂൾ ചെയ്യാനായില്ല. എത്രയും വേഗം പരിശോധനാ ഫലങ്ങൾ ലഭ്യമാക്കാൻ ഫോറൻസിക് വകുപ്പ് ഡയറക്ടറോട് നിർദേശിച്ച് കോടതി ഉത്തരവായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയടക്കമുള്ള എട്ട് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. കേസ് ജൂലായ് 17ന് വീണ്ടും പരിഗണിക്കും. 2022 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രം പ്രതികളെ നേരത്തേ വായിച്ചു കേൾപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘം ചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും കേസുണ്ട്. അയ്യായിരത്തോളം പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിഥിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോണിമോൻ സണ്ണി, ജെസിൻ ജോയ്, അലൻ ബേബി എന്നിവരാണ് കേസിലെ പ്രതികൾ. എല്ലാവരും ജാമ്യത്തിലാണ്.