തൊടുപുഴ: പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ളവർ ഗവർണർ പദവിയിൽ തുടരുമെന്നും ഇഷ്ടമില്ലാതായാൽ അവരുടെ ജോലിപോകുമെന്നും സി.പി.എം പി.ബി അംഗം എം.എ. ബേബി പറഞ്ഞു. തൊടുപുഴ ടൗൺ ഹാളിൽ നടന്ന എം. ജിനദേവന്റെ 30-ാമത് അനുസ്മരണവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഗവർണർ തനിക്കില്ലാത്ത അധികാരങ്ങളുള്ളതായി ഭാവിച്ച് കേരളത്തിന്റെ പുരോഗതിയെ തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമസഭ പാസാക്കിയ ഭൂ വിനിമയ നിയമത്തിൽ ഒപ്പുവയ്ക്കാതെ അടയിരുന്ന് കർഷകരെ ദ്രോഹിച്ച സമീപനമാണ് കേരള ഗവർണർ സ്വീകരിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്നാണ് ഗവർണർമാരെ നിയമിക്കുന്നത്. അവർക്ക് ഇഷ്ടമില്ലെങ്കിൽ പിരിച്ചുവിടാനും കഴിയും. ഗവർണർമാരുടെ സംരക്ഷകൻ പ്രധാനമന്ത്രിയായതിനാൽ അവരുടെ പ്രീതിക്കായി ഗവർണർമാർ അവിഹിത ഇടപ്പെടൽ നടത്തുന്നത് സ്വാഭാവികമാണ്. ഇന്ദിരാഗാന്ധിയാണ് ഗവർണർമാരെ പ്രതിപക്ഷ സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കാനുള്ള ഉപകരണമാക്കിമാറ്റാൻ തുടക്കമിട്ടത്. ഗവർണർമാരുടെ നിയമനം സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് നടപ്പാക്കണമെന്ന് പല കമ്മിഷനുകളും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നിയമനം കഴിഞ്ഞാണ് മുഖ്യമന്ത്രിമാർ അറിയുന്നതെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടി.ആർ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 'ഇന്ത്യൻ ഫെഡറിലസവും ഗവർണർ പദവിയും" എന്ന വിഷയത്തിൽ എം.എ. ബേബി ക്ലാസ് നയിച്ചു. സമഗ്ര സേവനത്തിനുള്ള എം. ജിനദേവൻ സ്മാരക പുരസ്കാരം എം.എം. മണി എം.എൽ.എ ഏറ്റുവാങ്ങി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി എന്നിവർ സംസാരിച്ചു. ജിനദേവൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.വി. ഷാജി സ്വാഗതവും സി.പി.എം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷ് നന്ദിയും പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി.വി. മത്തായി, റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ജോസഫ്, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മൂലമറ്റം ഏരിയ സെക്രട്ടറി ടി.കെ. ശിവൻ നായർ, ജിനദേവന്റെ കുടുംബക്കാർ, സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.