തൊടുപുഴ: നഗരത്തിലെ എട്ടാമത്തെ ബൈപ്പാസായ റിവർവ്യൂ റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഈ പ്രദേശങ്ങളിൽ മദ്യപാനികളും ലഹരി മാഫിയാ സംഘങ്ങളും വിലസുകയാണ്. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതുവഴി സ്ത്രീകൾ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. റോഡിനോട് ചേർന്ന പുഴയിൽ അഞ്ചോളം കുളിക്കടവുകൾ ഉണ്ട്. ഈ കടവുകളുടെ നടകൾ കൈയടക്കി മദ്യപാനത്തിനും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയാണ്. മദ്യക്കുപ്പികളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു കടവും പരിസരവും വൃത്തികേടാക്കുന്നു. ഇതുമൂലം സമീപവാസികൾക്ക് കടവ് ഉപയോഗിക്കാൻ വയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ ബൈപാസ് പ്രഭാത സവാരിക്കായി ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്. മദ്യക്കുപ്പികളും ആഹാര അവശിഷ്ടങ്ങളും കാരണം കാൽനടക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ റിവർവ്യൂ റസിഡൻസ് അസോസിയേഷൻ പൊലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ റോഡിലും പുഴയോരത്തും മാലിന്യങ്ങൾ വലിച്ചെറിയുന്നതും കടവുകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാർഹമാണെന്ന ബോർഡുകൾ സ്ഥാപിക്കാനും അവശ്യമുയരുന്നുണ്ട്. തൊടുപുഴ മുനിസിപ്പൽ അധികാരികൾക്കും പരാതി നൽകിട്. പ്രദേശത്ത് സി.സി ടി.വി ക്യാമറ സ്ഥാപിക്കുകയാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയുന്നതിന് ഫലപ്രദമായ മാർഗ്ഗമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇരുട്ടിയാൽ

തൊടുപുഴയിൽ രക്ഷയില്ല

പുഴയോരം ബൈപ്പാസിൽ മാത്രമല്ല,​ നേരം ഇരുട്ടിയാൽ തൊടുപുഴ നഗരത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. പല സ്റ്റോപ്പിലും ബസ് കാത്ത് നിൽക്കാൻ പോലും യാത്രക്കാർക്ക് ഭയമാണ്. കടകൾ അടച്ചാൽ പ്രദേശത്ത് വഴിവിളക്കുകൾ പോലുമില്ല. നഗരത്തിൽ ഒട്ടേറെയാളുകൾ വന്നു പോകുന്ന മേഖലയാണ് ടൗൺഹാളും പരിസര പ്രദേശങ്ങളും. ടൗൺഹാളിനു പിന്നിൽ തൊടുപുഴയാറ്റിലെ കടവിനോടു ചേർന്നുള്ള ഭാഗം രാവിലെ മുതൽ തന്നെ മദ്യപരുടെ താവളമാണ്. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ വിതരണവും ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികൾക്ക് ഉൾപ്പെടെ ഇവർ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് സമീപത്തെ കംഫർട്ട് സ്റ്റേഷനും സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണ്. അന്യ സംസ്ഥാനതൊഴിലാളികൾ രാവിലെയും വൈകിട്ടും ഇവിടെ തമ്പടിക്കുന്നുണ്ട്.

പൊലീസ്

നിരീക്ഷണം പോര

പൊലീസ് നിരീക്ഷണം നഗരത്തിന്റെ വിവിധ മേഖലകളിൽ എത്താത്തത് സാമൂഹ്യവിരുദ്ധർക്ക് തുണയാകുന്നുണ്ട്. എന്തെങ്കിലും അതിക്രമം ഉണ്ടായാൽ വ്യാപാരികൾ വിവരം അറിയിച്ചാലും പൊലീസ് സ്ഥലത്തെത്തുന്നില്ലെന്നാണ് ആക്ഷേപം. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ വ്യക്തമായ രേഖകൾ ഇല്ലാതെ വാഹനങ്ങളിൽ നഗരത്തിൽ കൂടി രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക പരിശോധനകൾ നടത്താൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.