കട്ടപ്പന : ബുധൻ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെള്ളയാംകുടി സരസ്വതി സ്‌കൂളിനു സമീപം കെ.എസ്.ആർ.ടി.സിയും മിനി ലോറിയും കൂടിയിടിച്ചു. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും,ചെറുതോണി ഭാഗത്ത് നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇവിടെ പാതയുടെ വശത്തായി പിക്കപ്പ് ജീപ്പ് പാർക്ക് ചെയ്തിരുന്നു.ഈ വാഹനത്തെ ബസ് മറികടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന മിനി ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സമീപത്തെ കട്ടക്കളത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ കോതമംഗലം സ്വദേശി അജാസിനെ പുറത്തെടുത്തത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് കട്ടപ്പന ചെറുതോണി റോഡിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.