thadiyampad

 യാഥാർത്ഥ്യമാകുന്നത് ജില്ലയിലെ ഏറ്റവും വലിയ പാലം

ഇടുക്കി: തടിയമ്പാട്- മരിയാപുരം റോഡിൽ പെരിയാറിന് കുറുകെയുടെ തടിയമ്പാട് പാലം നിർമ്മിക്കുന്നതിന് സി.ആർ.ഐ.എഫ്- സേതു ബന്ധൻ പദ്ധതിയിൽപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭരണാനുമതി നൽകി. പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായ 32 കോടി രൂപ പൂർണ്ണമായും കേന്ദ്രസർക്കാർ 2023 ഏപ്രിലിൽ നൽകിയതാണ്. പദ്ധതി യാഥാർത്ഥ്യമായാൽ 200 മീറ്റർ നീളത്തിൽ ജില്ലയിലെ ഏറ്റവും വലിയ പാലമാകുമിത്. വെള്ളപ്പൊക്കവും ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുമ്പോഴുണ്ടാകുന്ന കുത്തൊഴുക്കും അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലാകും പുതിയ പാലം പണിയുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇവിടെ നിലവിലുള്ള പാലം 2018ലെ പ്രകൃതിക്ഷോഭത്തിൽ പൂർണമായും തകർന്നിരുന്നു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് രണ്ട് പഞ്ചായത്തുകൾ തമ്മിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് എല്ലാ മഴക്കാലത്തും ചപ്പാത്ത് തകരുന്നത് തുടർക്കഥയായപ്പോൾ പുതിയ പാലം സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് പ്രോജക്ട് തയ്യാറാക്കാൻ 2022 ഒക്ടോബർ 17ന് പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്ക് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകുകയായിരുന്നു. തുടർന്ന് പ്രോജക്ട് റിപ്പോർട്ട് കേന്ദ ഉപരിതല മന്ത്രാലത്തിൽ എത്തിയപ്പോൾ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അനുമതി വാങ്ങുകയായിരുന്നു. പദ്ധതിയുടെ ഡിസൈൻ അന്തിമാനുമതി കൂടി ലഭ്യമാക്കേണ്ടതുണ്ട്.

വേണ്ടത് പാലം,​ ചപ്പാത്ത് അല്ല

തടിയമ്പാട് ചപ്പാത്തിന്റെ സ്ഥാനത്ത് പാലം നിർമ്മിച്ച് ശാശ്വതമായ ഗതാഗത മാർഗ്ഗമുണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. 2018 ലെ മഹാപ്രളയത്തെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് പൂർണമായും തകർന്ന് പോയിരുന്നു. തുടർന്ന് റീബിൽഡ് കേരളയിൽ ഉൾപെടുത്തി കോടികൾ മുടക്കി നിർമ്മിച്ച ആദ്യ റോഡും ചപ്പാത്തുമാണ് തടിയമ്പാടുള്ളത്. ചപ്പാത്ത് നിർമ്മിച്ചപ്പോൾ നാട്ടുകാർ തടയണയല്ല പാലമാണ് വേണ്ടതെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തണുപ്പിച്ചാണ് പുതിയ ചപ്പാത്ത് നിർമ്മിച്ചത്. ഇതിന് വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങൾ കുറവായിരുന്നു. തുടർന്ന് 2022 ആഗസ്റ്റിൽ ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടർന്ന് പുതുതായി പണിത ചപ്പാത്തും ഭാഗികമായി തകർന്നു. ചപ്പാത്തിന്റെ മരിയാപുരം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് അപ്രോച്ച് റോഡ് പകുതിയോളം ഒലിച്ചുപോയി.

'എ.പി എന്ന നിലയിൽ തന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 2022- 2023 സാമ്പത്തിക വർഷം സി.ആർ.ഐ.എഫ് പദ്ധതിയുടെ ഭാഗമായി തടിയമ്പാട് പാലം അനുവദിച്ചത്. എന്നാൽ പദ്ധതി നിർവ്വഹണ ഏജൻസി സംസ്ഥാന സർക്കാരിന് കീഴിലുള്ള പി.ഡബ്ലു.ഡി എൻ.എച്ച് ഡിവിഷനായതിന്റെ പേരിൽ ഒരു വർഷക്കാലം സംസ്ഥാന സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഭരണാനുമതി നൽകാതെ വൈകിപ്പിച്ചു. പദ്ധതി വൈകിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമുണ്ടാകാതിരിക്കാനായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്."

-ഡീൻ കുര്യാക്കോസ് എം.പി

=വെള്ളപ്പൊക്കവും ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുമ്പോഴുണ്ടാകുന്ന കുത്തൊഴുക്കും അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലാകും പുതിയ പാലം പണിയുന്നത്.