തൊടുപുഴ: കഴുത്തിൽ കുടുങ്ങിയ തുടൽ മുറിച്ച് മാറ്റി വളർത്തുനായയെ തൊടുപുഴ ഫയർഫോഴ്സ് ടീം രക്ഷിച്ചു. കാവന സ്വദേശിയായ ജിജോമോൻ ജോസഫിന്റെ ഏഴുവയസുള്ള നാടൻ നായയുടെ കഴുത്തിലാണ് തുടൽ കുരുങ്ങിയത്. മൂന്നു ദിവസമായി തുടൽ കുടുങ്ങിയിട്ട്. അതിനാൽ, നായയുടെ കഴുത്തിൽ നീരുമുണ്ടായിരുന്നു. ഇന്നലെ രാവിലെ തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച നായയെ ആശുപത്രി അധികൃതരുടെ നിർദ്ദേശമനുശരിച്ച് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ ജാഫർഖാന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തുടൽ മുറിച്ചുമാറ്റി. തുടർ ചികിത്സയ്ക്കായി നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.