ഇടുക്കി: കട്ടപ്പന നഗരസഭയുടെ മീറ്റ് സ്റ്റാൾ നവീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നിലവിൽ മാംസ വ്യാപാരം നടത്തുന്ന മുറികൾ അടച്ച് പകരം കെട്ടിടത്തോടുചേർന്നുള്ള ഷീറ്റ് മേഞ്ഞ സ്ഥലത്ത് മാംസ വ്യാപാരം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തും. ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ തുടർനടപടിയുടെ ഭാഗമായി പരാതിക്കാരന്റെ വാദം കേൾക്കാൻ നോട്ടീസ് നൽകിയെങ്കിലും ഇദ്ദേഹം ഹാജരായില്ലെന്നും വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി അറിയിച്ചു. നഗരസഭ ഷെൽറ്റർ ഹോം നിർമാണവേളയിൽ പേഴുംകവലയിലെ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട്, വാടക കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. അടുത്ത സാമ്പത്തികവർഷം പുതിയ കെട്ടിടം നിർമിച്ചുനൽകുന്നത് പരിഗണിക്കും. അപകടാവസ്ഥയിലുള്ള പുളിയൻമല അങ്കണവാടി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു.

പട്ടയം നൽകുന്നത് പരിഗണിക്കും

കട്ടപ്പന ടൗൺഷിപ്പിന്റെ പരിധിയിലുള്ള റോഡുകൾക്ക് 18 മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകി ബാക്കിയുള്ള സ്ഥലത്തിന് പട്ടയം നൽകുന്നത് പരിഗണിക്കാൻ തീരുമാനമായി. റോഡുകളുടെ വീതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭൂമിപതിവ് സ്‌പെഷ്യൽ തഹസിൽദാർ കത്ത് നൽകിയിരുന്നു.