cleaning
കട്ടപ്പന സബ് ട്രഷറിക്ക് എതിർവശത്തുള്ള കൈത്തൊട്ടിലെ മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിൽക്കുന്നു.

കട്ടപ്പന : കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൈത്തോടുകളുടെ ശുചീകരണം ആരംഭിച്ചു. നഗര ഹൃദയത്തിൽ നിന്നും കട്ടപ്പന ആറിലേക്ക് എത്തുന്ന തൊടിന്റെ സബ്ട്രഷറിയ്ക്ക് എതിർവശം ഉള്ള ഭാഗങ്ങളിലാണ് ശുചീകരണം നടത്തിയത്. കട്ടപ്പനയാറ്റിലേയ്ക്ക് ഒഴുകി എത്തുന്ന കൈത്തോടാണ് മാലിന്യം നിറഞ്ഞും, കാടുകളാൽ മൂടപ്പെട്ട് കൈതോട് അവ്യക്തവും ആയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ അടിയന്തിര പ്രാധാന്യത്തോടെ മഴക്കാല പൂർവ്വ ശുചീകരണ പദ്ധതിയിലുൾപ്പെടുത്തി തോട് ശുചീകരിക്കാനാരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കൈത്തോടിനിരുവശവും തെളിക്കുകയും തോട്ടിലെ മാലിന്യ കൂമ്പാരം നീക്കുകയുമാണ് ആദ്യം. ഇതിനു ശേഷം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നഗരത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഓടകൾ വൃത്തിയാക്കാനാണ് തീരുമാനമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാലിന്യം തള്ളുന്നത് ആവർത്തിക്കുന്നത് ഒഴിവാക്കാൻ പ്രദേശവാസികളും പൊതുജനങ്ങളും സഹകരിക്കണമെന്നും, മാലിന്യം തള്ളൽ തുടർന്നാൽ സമീപത്തെ സി സി ടി വി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി. നഗരസഭാ ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക് ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ ബേബി, വാർഡ് കൗൺസിലർ ജാൻസി ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനുപ്രിയ കെ.എസ്, സൗമ്യനാഥ് ജി.പി.ഡി പ്രശാന്ത്, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.