 വയോജന അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം ഇന്ന്

തൊടുപുഴ: വയോജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും മുതിർന്ന പൗരന്മാർക്ക് നേരെയുള്ള അതിക്രമങ്ങളും അവഗണനയും അനുദിനം വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 15ന് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചരണം സംഘടിപ്പിക്കുന്നത്. എല്ലാവർഷവും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും മെയ്ന്റനൻസ് ട്രൈബ്യൂണലിൽ മാത്രമായി നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്. ഇതിന് പുറമേ പൊലീസ് സ്റ്റേഷനുകളിലും മറ്റും എത്തുന്ന പരാതികളും ഏറെയാണ്. മക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ മുതൽ സ്വത്ത് തർക്കം, ശരീരിക ഉപദ്രവം, മാനസിക പീഡനം, മക്കൾ സംരക്ഷിക്കാത്ത സംഭവം തുടങ്ങി വിവിധ തരത്തിലുള്ള പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും മൂന്നു മാസം തടവും 5000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും

ജില്ലയിൽ മക്കൾ ഉപേക്ഷിക്കപ്പെട്ടവരും ആരും ആശ്രയമില്ലാത്തവരുമായ നൂറുക്കണക്കിന് പേരാണ് വൃദ്ധസദനങ്ങളിൽ കഴിയുന്നത്.

തങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ച് വയോജനങ്ങൾക്ക് അറിവില്ലാത്തതും അതിക്രമങ്ങളും അവഗണനയും വർദ്ധിക്കാൻ കാരണമാണ്. അത്തരം ചില പദ്ധതികളെക്കുറിച്ച്...

മന്ദഹാസം പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതി. പല്ലുകൾ പൂർണ്ണമോ ഭാഗീകമോ ആയി നഷ്ടപ്പെട്ടവർക്ക് അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ ദന്തഡോക്ടറുടെ നിശ്ചിത മാത്രകയിലുള്ള സർട്ടിഫിക്കറ്റ് സഹിതം (suneethi.sjd.kerala.gov.in) അപേക്ഷ നൽകണം. ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റ് മാതൃക സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സായംപ്രഭാ ഹോം പദ്ധതി

മുതിർന്ന പൗരന്മാർക്കായുള്ള പഞ്ചായത്തുതല സേവനകേന്ദ്രം. 60 വയസ് കഴിഞ്ഞവർക്ക് പകൽ ഒത്തുകൂടുന്നതിന് ഈ സൗകര്യം ഉപയോഗിക്കാം. മാനസികശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒറ്റപ്പെടൽ ഒഴിവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽ വീടുകൾക്ക് സായംപ്രഭാ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് സേവനങ്ങൾ നൽകും.

വയോമധുരം ,വയോരക്ഷ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പ് എന്നിവ സൗജന്യമായി നൽകുന്ന പദ്ധതി.സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ (suneethi.sjd.kerala.gov.in) അപേക്ഷ നൽകണം.

ആരും സംരക്ഷിക്കാനില്ലാത്ത സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനുള്ളതാണ് വയോരക്ഷ പദ്ധതി. അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തിര ശസ്ത്രക്രിയ, ആംബുലൻസ്, പുനരധിവാസം, കെയർ ഗിവർമാരുടെ സേവനം, സഹായ ഉപകരണങ്ങൾ എന്നീ സേവനങ്ങൾ ലഭ്യമാകും. സേവനം ലഭിയ്ക്കാൻ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക.

വയോമിത്രം

സാമൂഹികസുരക്ഷാ മിഷൻ വഴി മെഡിക്കൽ പരിശോധനയും, ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും നൽകുന്ന പദ്ധതി. പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം, പാലിയേറ്റീവ് കെയർ സപ്പോർട്ട്, വയോജന ഹെൽപ് ഡെസ്‌ക് തുടങ്ങിയവ ഈ സംവിധാനം വഴി നൽകുന്നു.

 വയോജന ഹെൽപ്പ് ലൈൻ നമ്പർ- 14567.