
പീരുമേട്: എഴുപത്തിരണ്ടുകാരിയായ അന്നമ്മയുടെ ഒറ്റമുറി വീട്ടിൽ അരലക്ഷം രൂപയോളം വൈദ്യുതിബിൽ വന്നതിന് പിന്നാലെ കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. വാഗമൺ വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയ്ക്കാണ് 49,710 രൂപയുടെ വൈദ്യുതി ബിൽ വന്നത്. കൃത്യമായി മീറ്റർ റീഡിംഗ് എടുക്കാത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്നായിരുന്നു അമിതബിൽ. ഇത് സംബന്ധിച്ച് അന്നമ്മ നൽകിയ പരാതി പരിഗണിക്കാതെ വിധവയായ വൃദ്ധയുടെ വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു കെ.എസ്.ഇ.ബി ചെയ്തത്. കേരളകൗമുദിയടക്കം ഇത് വാർത്തയാക്കിയതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനീയറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്നമ്മയുടെ വീട്ടിലെ മീറ്ററിനു സമീപം കെട്ടിയിരുന്ന പട്ടിയെ ഭയന്ന് 2019 ഡിസംബർ മുതൽ 2022 ഡിസംബർ വരെ മീറ്റർ റീഡിംഗ് എടുത്തില്ലെന്നും ഇതാണ് വലിയ തുക ബിൽ വരാൻ കാരണമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനിയർ മന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശരാശരി തുകയുടെ ഡോർ ലോക്ക് ബിൽ (വീട്ടിൽ ആളില്ലാതെ റീഡിംഗ് എടുക്കാൻ പറ്റാതെ വരുമ്പോൾ നൽകുന്ന ബിൽ) നൽകിയത്. 2023 ഫെബ്രുവരിയിൽ പുതിയ റീഡർ വീട്ടുടമയെ കൊണ്ട് നായയെ മാറ്റിച്ച ശേഷം യഥാർത്ഥ റീഡിംഗ് എടുത്തു. മൂന്നുവർഷത്തെ കുടിശ്ശികയും (46,815 രൂപ) ചേർത്താണ് പുതിയ ബിൽ വന്നെതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിൽതുക അമ്പത് തവണകളായി അടയ്ക്കാൻ കെ.എസ്.ഇ.ബി അന്നമ്മയ്ക്ക് അവസരം നൽകി. ആദ്യഘഡുവായി 1584 രൂപ അന്നമ്മയ്ക്ക് വേണ്ടി സി.പി.ഐയുടെ പഞ്ചായത്ത് മെമ്പർ സായാ സുജി അടച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഇതിൽ 584 രൂപ കഴിഞ്ഞ രണ്ട് മാസത്തെ യഥാർത്ഥ ബില്ലായിരുന്നു. കെ.എസ്.ഇ.ബി കൺസ്യൂമർ ഗ്രീവൻസ് ഫോറത്തിലും അന്നമ്മ പരാതി നൽകിയിട്ടുണ്ട്. ബാക്കി അടവ് തുക അടയ്‌ക്കേണ്ടതടക്കമുള്ള കാര്യങ്ങൾ ഫോറമാണ് തീരുമാനിക്കേണ്ടത്. കെ.എസ്.ഇ.ബിയുടെ നിർദ്ദേശപ്രകാരം അന്നമ്മയുടെ വീട്ടിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) സ്ഥാപിച്ച് വയറിംഗിൽ മാറ്റം വരുത്തി. ഇതിനുള്ള പണവും പഞ്ചായത്ത് മെമ്പർ മായ സുജിയാണ് മുടക്കിയത്. സംഭവത്തിൽ കെ.എസ്.ഇ.ബി വിജിലൻസ് അന്വേഷണം നടന്നു വരുകയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്.