തൊടുപുഴ: നാൾക്കുനാൾ വർദ്ധിക്കുന്ന പെട്രോൾ, ഡീസൽ, പാചക വാതക വിലയ്‌ക്കൊപ്പം പച്ചക്കറി, മീൻ, ഇറച്ചി എന്നിവയുടെ വിലയും കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റുന്നു. സ്കൂളുകൾ തുറന്നതിന് ശേഷമാണ് പച്ചക്കറി, ഇറച്ചി, മീൻ എന്നിവയുടെ വിലയിൽ കുതിച്ചുകയറ്റമുണ്ടായത്. കഴിഞ്ഞയാഴ്ച 80 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് ഇന്ന് വില 90 ആയി. പച്ചക്കറികടയിലെത്തുന്നവർ പൊള്ളുന്ന വില കേട്ട് മേടിക്കാതെ മീൻകടയിലോ ഇറച്ചികടയിലോ ചെല്ലുമ്പോൾ അവിടത്തെ തീ വില കേട്ട് ഞെട്ടുന്ന അവസ്ഥയാണ്. കൊടുംവരൾച്ചയിൽ കൃഷി നശിച്ചതാണ് പച്ചക്കറിയുടെ വില കുതിച്ചുയരാനിടയാക്കിയത്. ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില ഉയർന്നു. ഇതോടെ ഇറച്ചിക്കും വില കൂടി. പല പ്രദേശങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുപോലും കോഴിയിറച്ചിയ്ക്ക് വില കൂടി. നിലവിൽ കോഴിക്ക് കിലോ 170 രൂപയാണ്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. മീനുകളിൽ മത്തി, കിളി, കൊഴുവ എന്നിവയ്ക്കാണ് വലി കൂടിയത്. നെയ് മീൻ, കേര, ചൂര, വറ്റ, മോദ എന്നിവയുടെ വരവും കുറഞ്ഞു. ജില്ലയിലെ പല പ്രദേശങ്ങളിലും ദൂരമനുസരിച്ച് സാധനവിലയിൽ 10- 15 രൂപ വരെ വ്യത്യാസമുണ്ടാകും. വിപണിയിലെ പൊള്ളുന്ന വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
പച്ചക്കറി വില (കിലോയ്ക്ക്)
തക്കാളി- 90
പച്ചമുളക്- 150
പാവയ്ക്ക- 80
പയർ- 100
വെണ്ടയ്ക്ക- 40
തക്കാളി- 90
കാരറ്റ്- 80
ബീറ്റ്‌റൂട്ട്- 80
കാബേജ്- 60
മുരിങ്ങയ്ക്ക- 100
പടവലം- 60
കോവയ്ക്ക- 50
വെള്ളരിക്ക- 60
ചേന- 100
മത്തങ്ങ- 50
കുമ്പളങ്ങ- 40
കിഴങ്ങ്- 50
സവാള- 50
ഉള്ളി- 80
ഇഞ്ചി- 200
ബീൻസ്- 140
മത്തി പൊരിച്ചടിക്കാൻ പറ്റൂല
മത്തി വില- 320- 340
കിളിമീൻ- 200- 260
കൊഴുവ- 200
അയല- 300- 360
ഉണക്കമീനും മുകളിലേക്ക്
തെരണ്ടി- 300
മാന്തൽ- 300
കുട്ടൻ- 200
തുണ്ടൻ- 500
ഉണക്ക അയല- 200