പീരുമേട്: കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാലയുടെ 14-ാമത് സ്ഥാപിത ദിനാഘോഷം- 'നിറവ് @14'- വാഗമണിലുള്ള കോലാഹലമേട് കാമ്പസിൽ വിപുലമായ പരിപാടികളോടെ നടന്നു. സംസ്ഥാനത്ത് മൃഗപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടേയും കർഷകരുടേയും ഉന്നമനത്തിനുതകുന്ന 14 പദ്ധതികൾ നാടിന് സമർപ്പിച്ച് കൊണ്ടാണ് ഈ സ്ഥാപിത ദിനം സർവ്വകലാശാല ആഘോഷിച്ചത്. പദ്ധതികളുടെ സമർപ്പണവും 14-ാമത് സ്ഥാപിത ദിനാഘോഷചടങ്ങിന്റെ ഉദ്ഘാടനവും മന്ത്രിയും സർവകലാശാല പ്രോ -ചാൻസലറുമായ ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. സുധീർ ബാബു സ്വാഗതം ആശംസിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അനിൽ കെ.എസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സർവ്വകലാശാല ഡയറക്ടർ ഓഫ് അക്കാദമിക്സ് ആന്റ് റിസർച്ച് ഡോ. സി ലത, ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ. ടി.എസ്. രാജീവ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കൂടാതെ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ, വാഗമൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ്, കോലാഹലമേട് വാർഡ് മെമ്പർ സിനി വിനോദ്, കെ.എൽ.ഡി.ബി മാനേജർ ജൂഡി ജോർജ്ജ്, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി ഫാക്കൽറ്റി ഡീൻ ഡോ. എസ്.എൻ. രാജ്കുമാർ എന്നിവർ ആശംസകളർപ്പിച്ചു. കോലാഹലമേട് ബേസ് ഫാമിലെ അസോസിയേറ്റ് പ്രൊഫസർ ആന്റ് ഹെഡ് ഡോ. നൈസി തോമസ് നന്ദിയർപ്പിച്ചു. കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല ഭരണസമിതി അംഗങ്ങളും സാമൂഹിക സാംസ്കാരിക ശാസ്ത്ര രംഗങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.