പീരുമേട്: ശമ്പളം ചോദിച്ച യുവതിയെ തോട്ടം ഉടമയും സൂപ്പർവൈസറും ആക്രമിച്ചെന്ന് പരാതി. വണ്ടിപ്പെരിയാർ 63-ാം മൈലിൽ പ്രവർത്തിക്കുന്ന ഏലത്തോട്ടത്തിലും ഇവരുടെ റിസോർട്ടിലും ജോലി ചെയ്ത് വന്നിരുന്ന പള്ളിപ്പടിമുടിയിൽ കിഴക്കേതിൽ അനിലിന്റെ ഭാര്യ അനീഷയ്ക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ നാല് വർഷമായി അനീഷയും ഭർത്താവ് അനിലും ഇവിടെ ജോലിയെടുക്കുന്നു. റിസോർട്ടിൽ ജോലി ചെയ്യുമ്പോൾ തോക്കും മാനിന്റെ കൊമ്പും കണ്ടതോടെ ഉടമയ്ക്ക് ഇവരെ ഇവിടെ ജോലിക്ക് നിറുത്താൻ ബുദ്ധിമുട്ടായതോടെ ജോലി വിട്ടു. തുടർന്ന് ഇവർക്ക് ലഭിക്കാനുള്ള ശമ്പളമായ 27,000 രൂപ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇന്നലെ രാവിലെ ഇവിടുത്തെ സൂപ്പർവൈസറായ ബിനോയ് മാത്യുവിനെ വഴിയിൽ വച്ച് കാണുകയും ബാക്കി ശമ്പളം ചോദിക്കുകയും ചെയ്തു. ഈ സമയം സൂപ്പർവൈസർ അനീഷയുടെ കഴുത്തിൽ കടന്നുപിടിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന വടിവാളെടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. അവിടെ എത്തിയ നാട്ടുകാർ ഇയാളെ പിടിച്ചു മാറ്റിയപ്പോൾ സമീപത്തെ വേലിയിലേക്ക് തള്ളി ഇടുകയും വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതായും അനീഷ പറയുന്നു. റിസോർട്ട് ഉടമ മുമ്പ് ആനക്കൊമ്പ് കേസിൽ പ്രതിയായിരുന്നെന്നും ഈ കേസിൽ നിന്ന് രക്ഷപെട്ട തനിക്ക് ഈ പ്രശ്നവും നിസാരമായി തീർക്കാനാവുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് അനീഷയുടെ ഭർത്താവ് അനിൽ പറയുന്നു.